മിലാൻ: ഇറ്റാലിയൻ സീരി എ ഗ്ലാമർ ക്ലബ്ബായ എസി മിലാനിൽ മാൾദീനി കുടുംബത്തിന്റെ മൂന്നാം തലമുറയുടെ സ്റ്റാർട്ടിംഗ് ഇലവണ് അരങ്ങേറ്റം. സീരി എയിൽ ഇന്നലെ സ്പെസ്യക്കെതിരായ എവേ പോരാട്ടത്തിൽ പത്തൊന്പതുകാരനായ ഡാനിയേൽ സ്റ്റാർട്ടിംഗ് ഇലവണിൽ ഉൾപ്പെട്ടതോടെയാണിത്.
ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസതാരമായ പൗളൊ മാൾദീനിയുടെ രണ്ടാമത്തെ പുത്രനാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡാനിയേൽ. 2020 ഫെബ്രുവരിയിൽ പകരക്കാരനായി മിലാനുവേണ്ടി ഡാനിയേൽ അരങ്ങേറിയിരുന്നു. ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ചെങ്കിലും സീരി എയിൽ സ്റ്റാർട്ടിംഗ് ഇലവണിൽ ആദ്യമായാണ് ഉൾപ്പെടുന്നത്.
1954-66 കാലഘട്ടത്തിൽ 399 മത്സരങ്ങളിൽ എസി മിലാനായി ബൂട്ടണിഞ്ഞ പ്രതിരോധതാരം ചെസാറെ മാൾദീനിയുടെ മകനാണ് പൗളൊ. ക്ലബ് കരിയറിൽ എസി മിലാനുവേണ്ടി മാത്രമാണ് പ്രതിരോധ താരമായ പൗളൊ മാൾദീനി ബൂട്ടണിഞ്ഞിട്ടുള്ളത്.
1978ൽ യൂത്ത് കരിയറിലൂടെ എസി മിലാൻ ജീവിതം ആരംഭിച്ച പൗളൊ മാൾദീനി, 2009ൽ വിരമിക്കുന്പോൾ സീനിയർ തലത്തിൽ ക്ലബ്ബിനായി 901 മത്സരങ്ങളിൽ കളിച്ചു, 33 ഗോൾ നേടി. പൗളൊയുടെ മൂത്ത മകൻ ഇരുപത്തഞ്ചുകാരനായ ക്രിസ്റ്റീൻ, എസി മിലാന്റെ യൂത്ത് ക്ലബ്ബിൽ (2004-16) ഉണ്ടായിരുന്നെങ്കിലും സീനിയർ തലത്തിൽ കളിച്ചില്ല.
മാൾദീനി 3.0
സ്റ്റാർട്ടിംഗ് ഇലവണിൽ ആദ്യമായി ഉൾപ്പെട്ട മത്സരത്തിൽ ഡാനിയേൽ മാൾദീനി എസി മിലാനായി തന്റെ ആദ്യഗോളും സ്വന്തമാക്കി. മാൾദീനി കുടുംബത്തിലെ മുൻഗാമികളുമായുള്ള ഡാനിയേലിന്റെ വ്യത്യാസം പ്ലേയിംഗ് പൊസിഷനിലാണ്. അച്ഛനും മുത്തച്ഛനും പ്രതിരോധ താരങ്ങളായിരുന്നെങ്കിൽ ഡാനിയേൽ അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്.
സ്പെസ്യക്കെതിരായ മത്സരത്തിന്റെ 48-ാം മിനിറ്റിലായിരുന്നു ഡാനിയേലിന്റെ ഗോൾ. 58-ാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട് ഡാനിയേലിനെ 59-ാം മിനിറ്റിൽ പിൻവലിച്ചു. 80-ാം മിനിറ്റിൽ വെർഡയിലൂടെ സ്പെസ്യ 1-1ന് ഒപ്പമെത്തി. എന്നാൽ, ബ്രാഹിം ഡിയസിന്റെ (86’) ഗോളിൽ എസി മിലാൻ 2-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ ആറ് മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി എസി മിലാൻ ലീഗിന്റെ തലപ്പത്തെത്തി.
ഇതോടെ എസി മിലാനായി മാൾദീനി കുടുംബത്തിലെ മൂന്നാം തലമുറയും ഗോൾ സ്വന്തമാക്കി. ചെസാറെ മൂന്നും പൗളൊ 33 ഗോൾ മിലാൻ ജഴ്സിയിൽ നേടിയിരുന്നു.
മിലാനിലെ മാൾദീനി കുടുംബകാര്യം...
12:33 AM Sep 26, 2021 | Deepika.com