മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ ഗോളാഘോഷം. ഹോം മത്സരത്തിൽ റയൽ 6-1ന് മയ്യോർക്കയെ തകർത്തു. റയലിനായി കരിം ബെൻസെമ (3’), 78’) ഇരട്ട ഗോളും മാർകോ അസെൻസിയൊ (24’, 29’, 55’) ഹാട്രിക്കും സ്വന്തമാക്കി. ഇസ്കൊയുടെ (84’) വകയായിരുന്നു മറ്റൊരു ഗോൾ.
ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലിന്റെ ഗോൾ നേട്ടം 21 ആയി. 1987-88 ലാ ലിഗ സീസണിനുശേഷം (26 ഗോൾ) ആദ്യ ആറ് മത്സരങ്ങളിൽ റയലിന്റെ ഏറ്റവും വലിയ ഗോളടിയാണിത്. ഇരട്ട ഗോൾ നേട്ടത്തോടെ കരിം ബെൻസെമ ലീഗിൽ 200 ഗോൾ എന്ന നേട്ടത്തിലെത്തി. ഈ നേട്ടം സ്വന്തമാക്കുന്ന 10-ാമത് താരമാണ് ഈ ഫ്രഞ്ചുകാരൻ.
മറ്റു മത്സരങ്ങളിൽ സെവിയ്യ 3-1നു വലൻസിയയെയും വിയ്യാറയൽ 4-1ന് എൽചെയെയും എസ്പാന്യോൾ 1-0ന് ആൽവെസിനെയും കീഴടക്കി. 16 പോയിന്റുമായി റയലാണ് ലീഗിന്റെ തലപ്പത്ത്. 14 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതുണ്ട്.
മാഡ്രിഡിൽ റയൽ ഗോളാഘോഷം
12:23 AM Sep 24, 2021 | Deepika.com