അബുദാബി: വരുൺ ചക്രവർത്തി കത്തിക്കയറിയപ്പോൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കരിഞ്ഞുണങ്ങി. അതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി.
ആർസിബിക്കെതിരേ 10 ഓവർ ബാക്കിനിൽക്കേ ഒന്‍പത് വിക്കറ്റിനായിരുന്നു കെകെആറിന്റെ ഏകപക്ഷീയ ജയം. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 19 ഓവറിൽ 92. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94.
നാലോവറിൽ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവർത്തിയാണ് വിരാട് കോഹ്ലിയുടെ ടീമിനെ ചുരുട്ടിക്കെട്ടിയത്. മൂന്ന് ഓവറിൽ ഒന്‍പത് റൺസ് വഴങ്ങി ആന്ദ്രെ റസലും മൂന്ന് വിക്കറ്റ് വീഴ്ത്തി. പന്തെടുത്ത എല്ലാ ബൗളർമാരും അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് കോൽക്കത്ത നിരയിലെ സവിശേഷത.
20 പന്തിൽ 22 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ് സ്കോറർ. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം സച്ചിൻ ബേബിക്ക് ഏഴ് റൺസ് മാത്രമാണ് നേടാനായത്. ശ്രീകർ ഭരത് (16), ഹർഷൽ പട്ടേൽ (12), ഗ്ലെൻ മാക്സ്വെൽ (10) എന്നിവർ മാത്രമാണ് ആർസിബി നിരയിൽ രണ്ടക്കം കണ്ട മറ്റു താരങ്ങൾ. കോഹ്ലി അഞ്ച് റൺസിനു പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആറിനായി വെങ്കിടേഷ് അയ്യർ 41 റൺസുമായി പുറത്താകാതെനിന്നു. 48 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടപ്പെട്ടത്.
ചക്രവർത്തി വരുൺ
01:17 AM Sep 21, 2021 | Deepika.com