റാവൽപിണ്ടി: 11-ാം തീയതി പാക്കിസ്ഥാനിലെത്തി, ഇതിനിടെ രണ്ടു പരിശീലന മത്സരങ്ങൾ കളിച്ച ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ഒന്നാം ഏകദിനത്തിനു മിനിറ്റുകൾ മുന്പ് പരന്പര റദ്ദാക്കിയത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തലയിൽ ഇടിത്തീയായി.
പിസിബി ചെയർമാൻസ്ഥാനത്ത് മുൻ താരം റമീസ് രാജ എത്തിയതിനുശേഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ആദ്യ പരന്പരയായിരുന്നു ഇത്. ടോസിനു തൊട്ടുമുന്പ് പരന്പരയിൽനിന്ന് സുരക്ഷാകാരണങ്ങളാൽ പിന്മാറുന്നതായുള്ള ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിപ്പ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അന്പരപ്പിച്ചു.
മൂന്ന് ഏകദിനവും അഞ്ച് ട്വന്റി-20ക്കുമായാണു ന്യൂസിലൻഡ് പാക്കിസ്ഥാനിലെത്തിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പനുസരിച്ചാണു പിൻമാറ്റമെന്നു ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
പര്യടനം ഉപേക്ഷിക്കുന്നതു പാക് ക്രിക്കറ്റ് ബോർഡിനു കനത്ത തിരിച്ചടിയാണെന്നു മനസിലാക്കുന്നു. മികച്ച രീതിയിലാണു പാക്കിസ്ഥാൻ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ, കളിക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച കാണിക്കാനാവില്ല, അതുകൊണ്ടു പരന്പരയിൽനിന്നു പിൻമാറുക മാത്രമാണ് ഏകവഴി- ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി.
പര്യടനം 18 വർഷത്തിനുശേഷം
18 വർഷത്തിനുശേഷമാണു ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തുന്നത്. 2003ൽ അഞ്ച് മത്സര ഏകദിന പരന്പരയാണു ന്യൂസിലൻഡ് പാക്കിസ്ഥാനിൽ അവസാനമായി കളിച്ചത്. 2002ൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു, തുടർന്ന് നിശ്ചയിച്ച പര്യടനം വെട്ടിച്ചിരുക്കി ന്യൂസിലൻഡ് ടീം നാട്ടിലേക്കു മടങ്ങി.
ന്യൂസിലൻഡിന്റെ പിന്മാറ്റം പാക്കിസ്ഥാന് ഇടിത്തീ...
12:39 AM Sep 18, 2021 | Deepika.com