ന്യൂയോർക്ക്: അതിശക്തനായ ഗോലിയാത്തിനെ കവണയിൽ കുരുക്കിയ കല്ലുകൊണ്ട് വീഴ്ത്തിയ ദുർബലനായ ദാവീദിന്റെ കഥ ഏവർക്കും സുപരിചിതം. അതുപോലൊരു അട്ടിമറിയായിരുന്നു 2021 യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ അരങ്ങേറിയത്.
20 ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുമായി ടെന്നീസ് കോർട്ടിലെ രാജാവായ ജോക്കർ എന്ന നൊവാക് ജോക്കോവിച്ചിന്റെ വിജയ സ്വപ്നങ്ങൾക്കുമേൽ ഡാനിൽ മെദ്വദേവ് എന്ന ഇരുപത്തഞ്ചുകാരൻ കൂളായി പറന്നുയർന്നു. അതികായനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു റഷ്യൻ താരമായ മെദ്വദേവ് ആർതർ ആഷെ സ്റ്റേഡിയത്തിൽ കിരീടമുയർത്തിയത്. സ്കോർ: 6-4, 6-4, 6-4. രണ്ട് മണിക്കൂർ 16 മിനിറ്റിൽ മെദ്വദേവ്, ജോക്കോയെ ചുരുട്ടിക്കെട്ടി.
മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. 2000ൽ മാരറ്റ് സഫിൻ ജേതാവായശേഷം യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്ന റഷ്യക്കാരനാണു മെദ്വദേവ്. ഗ്രാൻസ്ലാം സ്വന്തമാക്കുന്ന മൂന്നാമത് റഷ്യക്കാരനും.
ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ ജോക്കോവിച്ചിന്റെ ഗോൾഡൻ സ്ലാം എന്ന സ്വപ്നം ഒളിന്പിക്സിൽ തകർന്നു വീണിരുന്നു. സീസണിലെ നാല് ഗ്രാൻസ്ലാം കിരീടങ്ങളും നേടി ഇതിഹാസ താരം റോഡ് ലേവറിനുശേഷം (1969) കലണ്ടർ സ്ലാം നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമായിരുന്നു ഫൈനലിനു മുന്‍പ് ജോക്കോവിച്ച് സ്വപ്നം കണ്ടത്. ഈ വർഷത്തെ ആദ്യ മൂന്ന് ഗ്രാൻസ്ലാമും (ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍) ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.
യെന്നാ, സുമ്മാവാ...
ഫൈനലിനു മുന്‍പു നടന്ന വാർത്താ സമ്മേളത്തിൽ മെദ്വദേവ് പറഞ്ഞത് ഇങ്ങനെ: കിരീടം നേടാൻ അനുവദിക്കാനല്ല (ജോക്കോവിച്ചിനെ) ഞങ്ങൾ ഇവിടെ എത്തിയത്. ടെന്നീസ് ലോകം അതിന് അപ്പോൾ ചെവികൊടുത്തില്ല. ഏകപക്ഷീയ ജയത്തോടെ മെദ്വദേവ് കിരീടത്തിൽ ചുംബിച്ചപ്പോൾ ആ വാക്കുകൾ ട്വീറ്റ് ചെയ്യപ്പെട്ടു.
പുരുഷ സിംഗിൾസ് ഗ്രാൻസ്ലാം കിരീട ജയത്തിൽ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം അലങ്കരിക്കാമെന്ന സെർബ് താരത്തിന്റെ മോഹം പൂവണിയാൻ ഇനിയും കാത്തിരിക്കണമെന്നതും മെദ്വദേവിന്റെ ഈ ജയത്തിന്റെ ആകെത്തുകയാണ്. 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, സ്പെയിനിന്റെ റാഫേൽ നദാൽ എന്നിവർക്കൊപ്പമാണു ജോക്കോവിച്ച്.
മൂന്നിൽ ആദ്യ ജയം
മെദ്വദേവിന്റെ മൂന്നാം ഗ്രാൻസ്ലാം ഫൈനലായിരുന്നു. 2019 യുഎസ് ഓപ്പണ്‍ ഫൈനലിൽ റാഫേൽ നദാലിനു മുന്നിൽ പരാജയപ്പെട്ടു. 2021 ഓസ്ട്രേലിയൻ ഓപ്പണിന്റെ കിരീട പോരാട്ടത്തിൽ ജോക്കോവിച്ചിനു മുന്നിലായിരുന്നു മെദ്വദേവ് മുട്ടുമടക്കിയത്.
എന്നാൽ, മൂന്നാം ഫൈനലിൽ കന്നി ഗ്രാൻസ്ലാം നേട്ടവുമായി മെദ്വദേവ് തലയുയർത്തി. ജോക്കോവിച്ചിന്റെ 31-ാം ഗ്രാൻസ്ലാം ഫൈനലായിരുന്നു, ഫൈനലിൽ പരാജയപ്പെടുന്നത് 11-ാം തവണയും.
ഗോലിയാത്തിനെ വീഴ്ത്തിയ ഡാനി കൂൾ
11:37 PM Sep 13, 2021 | Deepika.com