മാഞ്ചസ്റ്റർ: ഒരു വ്യാഴവട്ടത്തിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇരട്ട ഗോളുമായി തന്റെ ക്ലാസ് ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ തെളിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടാം അരങ്ങേറ്റമായിരുന്നു പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരായ റൊണാൾഡോയുടെ മത്സരം.
ഭൂഗോളത്തിലെ ഗോൾ മാസ്റ്റർ തന്റെ ക്ലാസ് വെളിപ്പെടുത്തി രണ്ട് എണ്ണം പറഞ്ഞ ഗോളിലൂടെ യുണൈറ്റഡിനെ ജയത്തിലേക്ക് നയിച്ചു. റെഡ് ഡെവിൾസ് എന്നറിയപ്പെടുന്ന യുണൈറ്റഡിന്റെ എതിരാളികളുടെ ഉറക്കം കെടുത്തുന്ന റിയൽ റെഡ് ഡെവിളാണ് താനെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു റൊണാൾഡോയുടെ ആ ഗോളുകൾ.
ബ്രൂണോ ഫെർണാണ്ടസും (80’) ലിംഗാർഡും (90+2’) ഗോളടിച്ചതോടെ ന്യൂകാസിലിന്റെ തോൽവി പൂർണം. റൊണാൾഡോ വീട്ടിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ യുണൈറ്റഡ് 4-1ന്റെ ജയവുമായി സ്വന്തം കാണികൾക്ക് മുന്നിൽ തലയുയർത്തി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+2’) ന്യൂകാസിൽ ഗോളി വൂഡ്മാന്റെ കൈയിൽനിന്ന് വഴുതിയ പന്ത് വലയിലാക്കിയായിരുന്നു റൊണാൾഡോ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ ഗോളടിച്ചത്. 56-ാം മിനിറ്റിൽ ജാവിയർ മൻക്വില്ലോയിലൂടെ ന്യൂകാസിൽ ഗോൾ മടക്കിയതോടെ മാഞ്ചസ്റ്റർ ആരാധകർ നിശബ്ദം.
എന്നാൽ, തന്റെ രണ്ടാം വരവിനു സാക്ഷ്യംവഹിക്കാൻ ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളെയും ലോകത്തിന്റെ വിവിധ കോണിലുള്ള ആരാധകരെയും ആവേശത്തിലാക്കിയ സിആർ7 ഗോളിനായായിരുന്നു തുടർന്ന് ഓൾഡ് ട്രാഫോഡിലെ പുൽത്തകിടി മിഴിതുറന്നത്. 62-ാം മിനിറ്റിൽ അത് സംഭവിച്ചു. പോഗ്ബയിലൂടെ ലഭിച്ച പന്തുമായി മുന്നേറിയ ലൂക്ക് ഷോ നീട്ടിനൽകിയ പാസ് സ്വീകരിച്ച് റൊണാൾഡോ ന്യൂകാസിലിന്റെ ബോക്സിനുള്ളിലേക്ക്.
ഓടുന്നതിനിടെ ഇടംകാൽകൊണ്ട് തൊടുത്ത ഷോട്ട് ഗോളി വൂഡ്മാന്റെ കാലുകൾക്കിടയിലൂടെ വലയിൽ നൃത്തംവച്ചു. സിആർ7ന്റെ മാസ്റ്റർ ക്ലാസ് ഗോൾ. പോൾ പോഗ്ബയുടെ പാസിൽനിന്ന് ഫെർണാണ്ടസും ലിംഗാർഡും ഗോളടിച്ചതോടെ യുണൈറ്റഡിന്റെ ജയം പൂർണം.
റൊണാൾഡോയെ സെന്റർ സ്ട്രൈക്കറായി മുൻനിർത്തിയായിരുന്നു ഓലെ ഗണ്ണർ സോൾഷെയർ യുണൈറ്റഡിന്റെ പ്ലേയിംഗ് ഇലവണിനെ ഇറക്കിയത്. ജയത്തോടെ 10 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിന്റെ തലപ്പത്തെത്തി.
സിറ്റി ജയിച്ചു, ടോട്ടനം പൊട്ടി
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽനിന്ന് റൊണാൾഡോയെ സ്വന്തമാക്കാൻ ആദ്യം രംഗത്തുണ്ടായിരുന്നത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ബ്രൂണൊ സിൽവയായിരുന്നു സിറ്റിക്കായി ഗോൾ നേടിയത്. ടോട്ടനത്തെ ഹോം മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 3-0ന് തകർത്തു. വൂൾവ്സ് 2-0ന് വാറ്റ്ഫോഡിനെയും ആഴ്സണൽ 1-0ന് നോർവിച്ച് സിറ്റിയെയും കീഴടക്കി.
റീ യുണൈറ്റഡ്
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഗോൾ സന്പാദ്യം 293 മത്സരങ്ങളിൽനിന്ന് 120 ആയി. 2003-2009 കാലഘട്ടത്തിൽ 292 മത്സരങ്ങളിൻനിന്ന് 118 ഗോൾ നേടിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 86 ആയി. യുണൈറ്റഡിലെ ആദ്യ കാലഘട്ടത്തിൽ 196 മത്സരങ്ങളിൽനിന്ന് 84 ഗോളുണ്ടായിരുന്നു. ക്ലബ്, രാജ്യാന്തര (111) മത്സരങ്ങളിലായി റൊണാൾഡോയുടെ ആകെ ഗോൾ 787ലും എത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ
11:12 PM Sep 11, 2021 | Deepika.com