റോം: ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയിൽ ഇറ്റലിക്ക് ഏകപക്ഷീയ ജയം. ലിത്വാനിയയ്ക്കെതിരേ 5-0ന് അസൂറികൾ വെന്നിക്കൊടി പാറിച്ചു. ഇറ്റലി തോൽവിയറിയാതെ പൂർത്തിയാക്കുന്ന 37-ാം മത്സരമാണ്.
രാജ്യാന്തര ഫുട്ബോളിലെ അപരാജിത ലോക റിക്കാർഡ് നേരത്തേ സ്വന്തമാക്കിയ ഇറ്റലി കുതിപ്പ് തുടരുന്നു. ഗ്രൂപ്പിൽ തുടർച്ചയായ രണ്ട് സമനിലകൾക്കുശേഷമായിരുന്നു ഇറ്റലിയുടെ ജയം.
ഹൻസി ഫ്ളിക്കിന്റെ പരിശീലനത്തിനു കീഴിൽ ജർമനി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ ജർമനി 4-0ന് ഐസ്ലൻഡിനെ തകർത്തു. ഗ്രൂപ്പ് ജെയിൽ ജർമനിയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ബിയിൽ സ്പെയിൻ 2-0ന് കൊസൊവൊയെ കീഴടക്കി.
ഗ്രൂപ്പ് ഇയിൽ ബെൽജിയം തുടർച്ചയായ നാലം ജയത്തിൽ. 1-0ന് ബെലാറസിനെയാണ് അവർ കീഴടക്കിയത്.
അതേസമയം, ഗ്രൂപ്പ് ഐയിൽ പോളണ്ടും ഇംഗ്ലണ്ടും 1-1 സമനിലയിൽ പിരിഞ്ഞു. ഇംഗ്ലണ്ടായിരുന്നു ആദ്യ ഗോൾ നേടിയത്. വെയ്ൽസ് x എസ്റ്റോണിയ, നോർത്തേണ്‍ അയർലൻഡ് x സ്വിറ്റ്സർലൻഡ് മത്സരങ്ങൾ ഗോൾരഹിത സമനിലയായി. ഗ്രൂപ്പ് ബിയിൽ സ്വീഡനെതിരേ ഗ്രീസ് 2-1ന്റെ ജയം സ്വന്തമാക്കി.
ഖത്തർ ലോകകപ്പ് : ഇറ്റലിക്ക് ഏകപക്ഷീയ ജയം
11:44 PM Sep 09, 2021 | Deepika.com