ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അട്ടിമറി തുടർന്ന് സീഡ് ചെയ്യപ്പെടാത്ത കാനഡയുടെ ലൈല ഫെർണാണ്ടസ്. തിങ്കളാഴ്ച പത്തൊന്‍പതാം ജന്മദിനം ആഘോഷിച്ച ലൈല അഞ്ചാം സീഡ് എലീന സ്വിറ്റോലിനയെ തോൽപ്പിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.
6-3, 3-6, 7-6(7-5)നാണ് കനേഡിയൻ താരം യുക്രെയിൻ താരത്തെ മറികടന്നത്. ഈ ജയത്തോടെ 2005ൽ മരിയ ഷറപ്പോവയ്ക്കുശേഷം യുഎസ് ഓപ്പണ്‍ സെമിയിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ലൈല.
കാനഡയുടെ അലിഭായ്
ലൈലയ്ക്കൊപ്പം മറ്റൊരു കനേഡിയൻ താരവും നേട്ടം സ്വന്തമാക്കി. പുരുഷ സിംഗിൾസിൽ ഫീലിക്സ് അഗ്വർ അലിയാസിം സെമി ഫൈനലിൽ പ്രവേശിച്ചു. അട്ടിമറികളും വൻ ജയവും സ്വന്തമാക്കി ക്വാർട്ടറിലെത്തിയ സ്പെയിനിന്റെ കാർലോസ് അൽകാറസ് പരിക്കേറ്റു പിന്മാറിയതോടെയാണ് അലിയാസിം സെമിയിലെത്തിയത്. 6-3, 3-1ന് കനേഡിയൻ താരം മുന്നിലായിരുന്നു.
2000ങ്ങളിൽ ജനിച്ചവരിൽ ഒരു ഗ്രാൻസ്ലാം സെമിയിലെത്തുന്ന ആദ്യത്തെ പുരുഷ താരമാണ് അലിയാസിം. ഇരുപത്തിയൊന്നുകാരനായ അലിയാസിം യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യത്തെ കാനഡക്കാരനുമായി.
വനിതാ സിംഗിൾസിൽ രണ്ടാം നന്പർതാരം അരീന സാബലെങ്ക 6-1, 6-4ന് എട്ടാം സീഡ് ബാർബൊറ ക്രെജികോവയെ തോൽപ്പിച്ചു. സെമിയിൽ ലൈല-സാബലെങ്ക പോരാട്ടമാണ്.
പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ ഡാനിൽ മെദ്വദേവ് നെതർലർഡ്സിലിന്റെ ബോട്ടിക് വാൻ ഡെ സാൻഡ്ഷൾപിനെ 6-3, 6-0, 4-6, 7-5ന് തോൽപ്പിച്ച് സെമിയിലെത്തി. അലിയാസിം ആണ് സെമിയിൽ മെദ്വദേവിന്റെ എതിരാളി.
ഓ, ലൈലാ...
01:50 AM Sep 09, 2021 | Deepika.com