സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല... അതാണു സുമോയും ജപ്പാനും തമ്മിലുള്ള ആത്മബന്ധം. ജാപ്പനീസ് ജനതയ്ക്കു സുമോ വെറുമൊരു ഗുസ്തിയല്ല, നല്ല വിള ലഭിക്കാൻ ദൈവപ്രീതിക്കായി നടത്തുന്ന ഒരു ആചാരമാണ്. ടോക്കിയോ 2020 ഒളിന്പിക്സിനു വേദിയാകുന്ന ജപ്പാന്റെ ദേശീയ കായിക വിനോദമാണു സുമോ ഗുസ്തി. ദൈവികമായ കായികവിനോദമാണെന്നതിനാൽ സുമോ ഒളിന്പിക്സിലില്ല.
റികിഷി എന്നാണു സുമോ ഗുസ്തിക്കാർ അറിയപ്പെടുന്നത്. ദോഹ്യോ എന്നാണു സുമോ ഗുസ്തി നടക്കുന്ന ഗോദയുടെ പേര്. ഷിന്റോ ദേവാലയങ്ങളിൽ ദൈവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണു പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലർത്തിയടിക്കുകയോ ദോഹ്യോയ്ക്കു പുറത്താക്കുകയോ ചെയ്യുകയാണു മത്സരത്തിന്റെ രീതി. നൂറ്റാണ്ടുകളുടെ പാരന്പര്യമുണ്ടെങ്കിലും ജപ്പാൻകാർ ഇതു ജെൻഡായ് ബുദോ എന്ന ജപ്പാനീസ് ആയോധനകലയുടെ ഭാഗമയിട്ടാണു കരുതുന്നത്.
ഒളിന്പിക്സിലെ ഗുസ്തി ഇനങ്ങൾപോലെ റഫറിയുടെ അനുമതിയോടെ നേരെവന്നു സുമോയിൽ ഗുസ്തി പിടിക്കുക അസാധ്യം. ഓരോ ഗുസ്തിക്കു മുന്പും ക്രിയാവിധികൾ പാലിക്കപ്പെടുന്നുണ്ട്. ഗുസ്തിക്കായി ദോഹ്യോയിലേക്ക് എത്തുന്നതിനു മുന്പ് ഷിന്റോ വൈദികർ എത്തി ദൈവങ്ങൾക്കായി ചെസ്റ്റ്നട്ട്, കണവ മത്സ്യം തുടങ്ങിയവ സമർപ്പിക്കും. തുടർന്നാണു സുമോ ഗുസ്തിക്കാർ വേദിയിലേക്കെത്തുക. വേദിയിലെത്തിയാൽ ആദ്യം കാലുകൾ ശക്തമായി ചവിട്ടി ശബ്ദമുണ്ടാക്കും. ദുഷ്ടശക്തികളെ തുരത്താനായാണിത്. തുടർന്ന് വിശുദ്ധ വെള്ളം കുടിക്കും, ശുദ്ധീകരണപ്രക്രിയയായി വേദിയിൽ ഉപ്പു വിതറും. അവസാനമായി ഗുസ്തിക്കാർ കൂട്ടത്തോടെ കൈയടിച്ച് ദൈവത്തെ പ്രീതിപ്പെടുത്തി ക്രിയാവിധികൾ പൂർത്തീകരിക്കും. തുടർന്നാണു സുമോ ഗുസ്തി അരങ്ങേറുക.
ഹേയ എന്നറിയപ്പെടുന്ന പരിശീലനക്കളരിയിൽനിന്നാണ് ഓരോ സുമോ ഗുസ്തിക്കാരും പുറത്തുവരുന്നത്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെ ഹേയയുടെ നിബന്ധനകൾക്കു വിധേയം. ചുരുങ്ങിയത് 67 കിലോഗ്രാം തൂക്കമെങ്കിലുമുള്ള 15നും 23നും ഇടയിൽ പ്രായമുള്ളവരെയാണു സുമോയിലേക്കു തെരഞ്ഞെടുക്കുക. വിദേശികൾക്കും സുമോ പഠിക്കാം. പക്ഷേ, ജപ്പാൻകാർ മാത്രമുള്ള ഹേയയിലായിരിക്കും അവർക്കു പ്രവേശനം. രാവിലെ ആറിന് എഴുന്നേൽക്കുന്ന ഇവരുടെ പരിശീലനം 6.30ന് ആരംഭിക്കും. അഞ്ച് മണിക്കൂർ നീളുന്നതാണു പരിശീലനം. ചൻകൊ നാബ് (ജാപ്പനീസ് സ്റ്റൂ) ആണ് ഇവരുടെ മുഖ്യ ഭക്ഷണം. ഭക്ഷണത്തിനുശേഷം രണ്ടര മണിക്കൂർ ഉറക്കം. അതിനുശേഷം വീണ്ടും പരിശീലനം. രാത്രി 10 മണിയോടെ വീണ്ടും ഉറക്കത്തിലേക്ക്. ഒരു ദിവസം 10,000 കലോറിയാണ് ഇവർ ഭക്ഷണത്തിലൂടെ അകത്താക്കുന്നത്.
സുമോ ഗുസ്തിക്കാർ റിട്ടയർ ചെയ്തുകഴിയുന്പോൾ വേഗത്തിൽത്തന്നെ ശരീരം മെലിയിക്കും. കലോറികൂടുതലുള്ള ഭക്ഷണം വർജിച്ചാണിത്. ഇങ്ങനെ ശരീരത്തെ നിയന്ത്രിച്ചാലും സുമോ ഗുസ്തിക്കാരുടെ ആയുർദൈർഘ്യം 65 വയസാണ്, ശരാശരി ജാപ്പനീസ് പുരുഷന്മാരേക്കാൾ 13 വയസ് കുറവ്...
ടോക്കിയോയിൽനിന്ന് ആൻ ജോബി
സുമോയുടെ സ്വന്തം നാട്...
01:04 AM Aug 06, 2021 | Deepika.com