കൃത്യനിഷ്ഠയുടെ കാര്യത്തിൽ ജപ്പാൻ വേറെ ലെവലാണ്. പല വിദേശ രാജ്യങ്ങളും കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമായി പുലർത്തുന്പോൾ ജപ്പാൻ അതിൽനിന്നെല്ലാം വ്യത്യസ്തം. വിദേശ രാജ്യങ്ങളിൽ രാവിലെ 10 മണിയെന്നാൽ 10 മണിതന്നെയാണ്. പക്ഷേ, ജപ്പാനിൽ ആ കൃത്യതപോരാ, അത്തരം കൃത്യനിഷ്ഠത പാലിക്കുകയെന്നാൽ ജാപ്പനീസ് ജനതയെ സംബന്ധിച്ച് നിങ്ങൾ താമസിച്ചെന്നാണ് അർഥം. കാരണം, 10-15 മിനിറ്റ് നേരത്തേ എത്തുക എന്നതാണു ജപ്പാന്റെ കൃത്യനിഷ്ഠ!
ജപ്പാൻ ജനതയുടെ കൃത്യനിഷ്ഠയും റേജിയോയും തമ്മിലും ബന്ധമുണ്ട്. നമ്മുടെ റേഡിയോ ജപ്പാനിൽ എത്തുന്പോൾ പേരിൽ ചെറിയൊരു മാറ്റമുണ്ട്, റേജിയോ. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് റേജിയോയിലൂടെയാണ് ജാപ്പനീസ് ജനതയുടെ ഓരോ ദിനവും ആരംഭിക്കുക. രാവിലെ 6.30ന് നടത്തുന്ന റേജിയോ ടെയ്സൊയിലൂടെയാണ് ജപ്പാന്റെ ഓരോ ദിനവും ആരംഭിക്കുന്നത്. സംഗീതത്തോടുകൂടെയുള്ള വാം-അപ്പ് എക്സർസൈസ് പരിശീലനമാണു റേജിയോ ടെയ്സൊ. ജാപ്പനീസ് ജനതയുടെ ആരോഗ്യ പരിപാലനം മുന്നിൽക്കണ്ട് 1928 മുതൽ ആരംഭിച്ചതാണ് 10 മിനിറ്റ് നീണ്ടുനിൽക്കുന്ന റേജിയോ ടെയ്സോ.
ടോക്കിയൊ മെട്രൊയും ജാപ്പനീസ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഒന്പത് ലൈനും 179 സ്റ്റേഷനുമുള്ള ടോക്കിയോ മെട്രോയിൽ ഒരു വർഷം 230 കോടിയിലധികം സഞ്ചാരികളെത്തുന്നതായാണു കണക്ക്. ഓരോ സ്റ്റേഷനിലും എത്തുന്നതിലും പുറപ്പെടുന്നതിലും കൃത്യത പാലിച്ചില്ലെങ്കിൽ ജോലിക്കാർക്ക് പിഴ ലഭിക്കും. ടോക്കിയോയ്ക്കു കിഴക്കുള്ള ചിബയിലെ മിനാമി-നഗരേയമ സ്റ്റേഷനിൽനിന്നു സുകുബ എക്സ്പ്രസ് ട്രെയിൻ 20 സെക്കൻഡ് നേരത്തേ പുറപ്പെട്ടതിന് ട്രെയിൻ കന്പനി മാപ്പപേക്ഷിച്ച സംഭവംവരെയുണ്ടിവിടെ. രാവിലെ 9:44:40ന് പുറപ്പെടേണ്ടിയിരുന്ന സുകുബ എക്സ്പ്രസ് 9:44:20ന് പുറപ്പെട്ടതിനായിരുന്നു ആ ക്ഷമാപണം. മെട്രോയിലെ ഓരോ ട്രെയിനും എത്തുന്നതും പുറപ്പെടുന്നതും സമയം അടയാളപ്പെടുത്തിയാണു ടിക്കറ്റ് അച്ചടിക്കുന്നതെന്നതും ഈ ദേശത്തെ കൃത്യനിഷ്ഠയുടെ നേർചിത്രമാണ്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
റേജിയോ ടെയ്സൊയും കൃത്യനിഷ്ഠയും...
12:43 AM Aug 05, 2021 | Deepika.com