സന്പത്ത് സമുറായ് പർവതം എന്നു കേട്ടിട്ടുണ്ടോ... സുസുക്കി സമുറായ് ബൈക്ക്, സെവൻ സമുറായ് സിനിമ തുടങ്ങിയവയെല്ലാം മലയാളികൾക്കു സുപരിചിതം. അതുപോലെ സന്പത്ത് സമുറായ് പർവതവും അപരിചിതമല്ല. കാരണം, ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതം, ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതം തുടങ്ങിയ വിശേഷണങ്ങളുള്ള ഫുജി പർവതമാണിത്. ഫു (സന്പത്ത്) ജി (സമുറായ്) എന്നീ വാക്കുകൾ ചേർത്താണ് ഈ അഗ്നിപർവതത്തിനു പേരിട്ടിരിക്കുന്നതെന്നതാണു ശ്രദ്ധേയം.
ലോക കായികമാമാങ്കമായ ഒളിന്പിക്സിനു വേദിയാകുന്ന ടോക്കിയോയിൽനിന്ന് 100 കിലോമീറ്റർ പടിഞ്ഞാറാണു ഫുജി തലയുയർത്തി നിൽക്കുന്നത്. ജപ്പാനിൽ ഏറ്റവും സന്ദർശകരുള്ള ഫുജി-ഹകോനെ-ഇസു നാഷണൽ പാക്കിന്റെ ഏറ്റവും വലിയ ആകർഷണവും സജീവ അഗ്നിപർവതമായ ഫുജിതന്നെ. 1707-1708 കാലഘട്ടത്തിലാണ് ഫുജി അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത്. 1707 ഡിസംബർ 16 മുതൽ 1708 ജനുവരി ഒന്നുവരെ നീണ്ടുനിന്ന ആ സ്ഫോടനത്തിൽ അയ്യായിരത്തിലധികം ആളുകൾക്കു ജീവഹാനി നേരിട്ടെന്നതും ചരിത്രം.
ജപ്പാൻകാർക്കു ഫുജി പവിത്രമായ പർവതംകൂടിയാണ്. അതുകൊണ്ടുതന്നെ നിരവധി പെയിന്റിംഗുകളിലും ഫുജിക്കു സ്ഥാനം ലഭിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ പെയിന്റിംഗ് ജാപ്പനീസ് ഉക്കിയോ-ഇ ആർട്ടിസ്റ്റ് ഹൊകുസായിയുടെ (1760-1849) തേർട്ടിസിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജിയാണ്. വിവിധ സ്ഥലങ്ങളിൽനിന്നും വിവിധ സീസണുകളിലും കാലാവസ്ഥയിലുമായി ഫുജി പർവതത്തിന്റെ ദൃശ്യങ്ങളാണു ഹൊകുസായി കാൻവാസിൽ പകർത്തിയത്.
സമുറായികളും ജാപ്പനീസ് ബുദ്ധിസ്റ്റുകളും ഫുജിയെ ദൈവികമായാണു പരിഗണിക്കുന്നത്. കരുത്ത് വർധിക്കുമെന്ന കാരണത്താൽ ഫുജിയുടെ താഴ്വരയിലാണു സമുറായികൾ അഭ്യസിക്കുന്നതെന്നതും ശ്രദ്ധേയം. 2013ൽ യുനെസ്കൊ ഫുജിയെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണു ഫുജി കയറാൻ ആളുകൾ സാധാരണയായി എത്താറുള്ളത്. ഈ വർഷം ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 10വരെ പർവതാരോഹകരെ ഫുജിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ട്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
സന്പത്ത് സമുറായ് പർവതം!
12:05 AM Aug 04, 2021 | Deepika.com