കളഞ്ഞുകിട്ടി, അടയാളം സഹിതം എത്തിയാൽ തിരികെ നൽകുന്നതായിരിക്കും... ഇത്തരം പരസ്യങ്ങൾ മലയാളികൾക്കെന്നല്ല ഏവർക്കും സുപരിചിതം. മറന്നുവച്ച ബാഗ്, പഴ്സ്, നഷ്ടപ്പെട്ട സ്വർണം മറ്റു വിലയേറിയ സാധനങ്ങൾ തുടങ്ങിയവയെല്ലാം തിരികെ നൽകി മാതൃകയായ മലയാളികൾ ഏറെ. അതെല്ലാം ചിലരുടെ ഹൃദയവിശാലതയുടെ, കള്ളവും പൊളിയുമില്ലായ്മയുടെ, നേർസാക്ഷ്യങ്ങൾ മാത്രം. ചിലപ്പോൾ കിട്ടും, ചിലപ്പോൾ കിട്ടില്ലായിരിക്കാം...
ജപ്പാനിൽ പക്ഷേ, കാര്യങ്ങൾ വ്യത്യസ്തമാണ്. നിങ്ങളുടെ കൈയിൽനിന്ന് ഏത്രവിലപിടിപ്പുള്ളതു നഷ്ടപ്പെട്ടാലും അതു നിങ്ങളിലേക്കു തിരികെ എത്തിയിരിക്കും. അതായത് നഷ്ടപ്പെട്ടെന്നുകരുതി നാലുപാടും പരക്കം പായുക എന്നതു ജപ്പാനിൽ കേട്ടുകേൾവിയില്ല.
എവിടെവച്ചായാലും ജപ്പാൻ ജനതയ്ക്ക് ഒരു സാധനം കളഞ്ഞുകിട്ടിയാൽ അവർ ആദ്യം ചെയ്യുക അതുമായി പോലീസ് സ്റ്റേഷനിലേക്കു ചെല്ലുകയാണ്. കൊബാൻ എന്ന പേരിൽ അറിയപ്പെടുന്ന ചെറിയ പോലീസ് ബൂത്താണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്. കൊബാനിൽ എത്തുന്നവർ കളഞ്ഞുകിട്ടിയ സാധനം കൃത്യമായ വിവരങ്ങളോടെ രജിസ്റ്റർ ചെയ്യും.
തുടർന്ന് കളഞ്ഞുകിട്ടുന്ന സാധനങ്ങൾ രജിസ്റ്റർ ചെയ്യുന്ന വെബ് സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തും. രണ്ടാഴ്ചയെങ്കിലും കൊബാനിൽ സാധനം സൂക്ഷിക്കുകയും ഉടമസ്ഥന്റെ പക്കലേക്ക് എത്തിക്കുകയും ചെയ്യും. രണ്ട് ആഴ്ചയിലധികമായിട്ടും ഉടമസ്ഥർ എത്തിയില്ലെങ്കിൽ അതു നഗരത്തിന്റെ സ്വത്തായി ചേർക്കപ്പെടുമെന്നതും മറ്റൊരു വസ്തുത.
പണം നഷ്ടപ്പെട്ട് ലഭിച്ചതിൽ 73 ശതമാനവും ഉടമസ്ഥർക്കു തിരികെ നൽകിയ ചരിത്രമാണു കൊബാനിനുള്ളത്. കളഞ്ഞുകിട്ടുന്ന സാധനങ്ങൾ കൊബാനിൽ ഏൽപ്പിക്കണമെന്നു കുട്ടിക്കാലത്തുതന്നെ ജപ്പാൻ ജനത പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണിത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
നഷ്ടപ്പെട്ടോ, കിട്ടും ഉറപ്പാണ്...
11:53 PM Aug 02, 2021 | Deepika.com