ലക്നോ: കോവിഡ് ബാധിച്ചു മരിച്ച 55 മാധ്യമപ്രവർത്തകരുടെ ആശ്രിതർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപ വീതം സഹായധനം കൈമാറി. കോവിഡിനെത്തുടർന്ന് നിരവധി മാധ്യമപ്രവർത്തകർക്കാണു ജീവൻ നഷ്ടമായതെന്നും ആ നഷ്ടം നികത്താനാകുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചെറിയ സഹായമെന്ന നിലയിൽ തുക വിതരണം ചെയ്യുകയാണ്. മാധ്യമപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലക്നോയിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ആശ്രിതർക്കു തുക കൈമാറിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.