ടോക്കിയോ: ലണ്ടൻ ഒളിന്പിക്സിലെ സ്വർണമെഡൽ ജേതാവ് ദക്ഷിണ കൊറിയയുടെ ജിൻയെക് ഓയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ച് ഇന്ത്യൻ അന്പെയ്ത്ത് താരം അതാനു ദാസ് പ്രീ ക്വാർട്ടറിൽ.
കൊറിയൻ താരത്തിന് ആവേശം പകരാൻ പത്തിലേറെപ്പേർ സ്റ്റാൻഡിൽ ഇരുന്നു കരഘോഷം മുഴുക്കിയപ്പോൾ അതാനുവിനായി ഭാര്യയും ലോക ഒന്നാം നന്പർ അന്പെയ്ത്ത് താരം ദീപികാകുമാരി സ്റ്റാൻഡിൽ ഇരിപ്പുണ്ടായിരുന്നു. നേരത്തെതന്നെ വനിതാ സിംഗിൾസിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു ദീപിക. അതാനു ജയിച്ചതോടെ ദീപിക തുള്ളിച്ചാടി. അതാനുവിന്റെ വിരലിൽ രണ്ടു മോതിരങ്ങളുണ്ട്. ഒന്ന് വിവാഹമോതിരവും മറ്റൊന്ന് ഒളിന്പിക് റിംഗും.
അഞ്ച് സെറ്റ് മത്സരം പൂർത്തിയായപ്പോൾ ഇരുവരും 5-5ന് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ അന്പ് കൊറിയൻ താരം ഒന്പതിലെത്തിച്ചപ്പോൾ അതാനു നേടിയത് പെർഫെക്റ്റ് ടെൻ. ഒടുവിൽ ഷൂട്ടൗട്ടിൽ 6-5ന്റെ വിജയവുമായി പ്രീ ക്വാർട്ടറിലേക്ക്. ദീപിക നൽകിയ പിന്തുണ എത്രത്തോളം തന്നെ സഹായിച്ചെന്നു മത്സരശേഷം അതാനു വ്യക്തമാക്കി.
’മത്സരം നടക്കുന്പോഴെല്ലാം ഞാൻ അവളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ, നിങ്ങളിൽ വിശ്വാസമർപ്പിച്ച് കളിക്കൂ എന്ന് അവൾ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.’ രണ്ടാം ഒളിന്പിക്സിനെത്തിയ ദീപികയും അതാനുവും നിരാശപ്പെടുത്തുന്ന പ്രകടനവുമായാണു ടോക്കിയോ ഒളിന്പിക്സിന് തുടക്കമിട്ടത്. റാങ്കിംഗ് റൗണ്ടിൽ നിരാശപ്പെടുത്തിയതോടെ അതാനുവിനു മിക്സഡ് ഡബിൾസിൽ ദീപികയ്ക്കൊപ്പം ഇറങ്ങാൻ സാധിച്ചില്ല. പ്രവീണ്‍ ജാദവിനൊപ്പമാണു ദീപിക മത്സരിച്ചത്. എന്നാൽ ദീപിക-പ്രവീണ്‍ സഖ്യം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.
ഇടിവെട്ടിടി
ബോക്സിംഗ് റിംഗിൽ ഇടിവെട്ട് പ്രകടനവുമായി മറ്റൊരു ഇന്ത്യൻ താരംകൂടി ക്വാർട്ടറിൽ. പുരുഷൻമാരുടെ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സതീഷ്കുമാർ ക്വാർട്ടറിൽ കടന്നു. ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന് തകർത്താണു സതീഷ്കുമാറിന്റെ ക്വാർട്ടർ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സതീഷ് ഉസ്ബക്കിസ്ഥാന്റെ ബഖോദിർ ജലോലോവിനെ നേരിടും.
മനു, രാഹി
ആത്മവിശ്വാസത്തോടെ ഇന്ത്യൻ വനിതകൾ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിന്റെ രണ്ടാം ദിവസത്തെ റാപ്പിഡ് യോഗ്യതാ മത്സരങ്ങളിൽ ഇന്നു വീണ്ടും ഇറങ്ങും. വൻപ്രതീക്ഷകളുമായി ടോക്കിയോയിലെത്തി ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തിന് ഇതുവരെ മെഡൽ നേടാനായിട്ടില്ല. ഇന്നലെ നടന്ന 25 മീറ്റർ പിസ്റ്റൽ പ്രസിസണ് യോഗ്യതയിൽ 292 പോയിന്റുമായി മനു ഭാകർ അഞ്ചാം സ്ഥാനത്തെത്തി. 287 പോയിന്റുമായി രാഹി സർനോബത് 25-ാം സ്ഥാനത്താണ്.
അതാനു അട്ടിമറി, ‘തൂഫാൻ’ സതീഷ്...
02:21 AM Jul 30, 2021 | Deepika.com