ഗൺഡാം, ജപ്പാനിലെ ഐതിഹാസിക പേര്. ഗൺഡാം ടെലിവിഷൻ സീരിസിലെ ഒരു റോബോട്ടിക് കഥാപാത്രം മാത്രം. 1979ലാണ് ഗൺഡാം ആദ്യമായി റിലീസ് ആയത്. അന്നു മുതൽ ഇന്നുവരെയായി ഗൺഡാമിനെ നെഞ്ചോടു ചേർത്തവർ ജപ്പാന് അകത്തും പുറത്തും അനവധി. മൊബൈൽ സ്യൂട്ട് ഗൺഡാം യൂണികോൺ എന്ന പേരിൽ ഗൺഡാമിനെ കേന്ദ്ര കഥാപാത്രമാക്കി നോവൽ പോലും ഇറങ്ങിയിരുന്നു. 32-ാം ഒളിന്പിക്സിനു വേദിയാകുന്ന ടോക്കിയോ നഗര പ്രാന്തത്തിലുള്ള ഒഡയ്ബയിലെ പ്രധാന വിനോദ ആകർഷണമാണ് ഭീമാകാരമായ റോബോട്ടിക് ഗൺഡാം പ്രതിമ. 19.7 മീറ്റർ ഉയരമുള്ള ഈ പ്രതിമയുടെ നിൽപ്പ് ഡൈവർസിറ്റി ടോക്കിയോ പ്ലാസയ്ക്കു മുന്നിലാണ്.
ഗൺഡാമിനെ വെറുമൊരു പ്രതിമയായി തെറ്റിദ്ധരിക്കരുത്. രണ്ട് വ്യത്യസ്ത ഭാവങ്ങളാണിവനുള്ളത്, യൂണികോൺ മോഡും ഡിസ്ട്രോയ് മോഡും. യൂണികോൺ മോഡിൽ ശാന്തമാണ്, ഡിസ്ട്രോയ് മോഡിൽ കട്ടക്കലിപ്പും. ഈ രണ്ട് ഭാവങ്ങളിലേക്കുള്ള മാറ്റമാണ് ഗൺഡാം പ്രതിമയുടെ ഹൈലൈറ്റ്.
ടോക്കിയോ ഒളിന്പിക്സിന്റെ ചൂടിൽനിന്നു പുറത്തുകടക്കുന്പോൾ ഏവരെയും അദ്ഭുതപ്പെടുത്താൻ കാത്തുനിന്ന ഗൺഡാം ഇപ്പോൾ ആളുകളെ കാത്തിരിക്കുകയാണ്. കാരണം, കോവിഡിന്റെ നാലാം തരംഗം തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ സർക്കാർ. ജൂലൈ 12 മുതലാണ് നാലാം തരംഗത്തിനെതിരായ അടിയന്തരാവസ്ഥ. 3177 കോവിഡ് കേസ് ആണ് ഇന്നലെ ടോക്കിയോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒളിന്പിക്സ് ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
ഉല്ലാസങ്ങളിൽ അഭിരമിക്കാറുള്ള ജാപ്പനീസ് ജനതയെ സംബന്ധിച്ച് അടിയന്തരാവസ്ഥ ചങ്ങലയ്ക്കിടുന്നതിനു തുല്യം. വേനൽക്കാലമായാൽ ജപ്പാനിൽ സാധാരണയായി ആളുകൾ ബിയറും വൈനും ബാർബിക്യുവുമെല്ലാമായി ആഘോഷിക്കുക പതിവാണ്. അതിനെല്ലാം വിലക്ക് തുടരുന്നു. ഒളിന്പിക്സ് തീരുന്ന ഓഗസ്റ്റ് എട്ട് വരെയാണ് നിയന്ത്രണങ്ങൾ. അമ്യൂസ്മെന്റ് പാർക്കുകളിൽ പോകാൻ വിലക്കില്ല. എന്നാൽ, റൈഡ് ചെയ്യുന്പോൾ അത്യുച്ചത്തിൽ ശബ്ദമുണ്ടാക്കാനും മറ്റും പാടില്ല. കോവിഡ് പടരാൻ സാധ്യതയുള്ളതിനാലാണത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
12:27 AM Jul 29, 2021 | Deepika.com