യൂറോ 2020 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ആരാധകരെ ഏറെയുണ്ടാക്കിയ ഒരു സംഘം പയ്യന്മാരുണ്ട്, യൂറോ കഴിഞ്ഞതോടെ തങ്ങളുടെ പേരുതന്നെ പോരാട്ടത്തിന്റെ അഡ്രസ് ആക്കിയവർ... പെഡ്രി, ഡാനി ഓൾമൊ, ഉനയ് സിമോണ്, പാ ടോറസ്, എറിക് ഗാർസ്യ, മൈക്കൽ ഒയർസബൽ... അതെ, ഇവരെല്ലാം വീണ്ടും ഒന്നിക്കുന്ന പോരാട്ടം ഇനി നടക്കുന്നതു ടോക്കിയോ ഒളിന്പിക്സ് വേദിയിൽ.
യൂറോയിൽ സ്വപ്നസമാനമായ യാത്രയ്ക്കൊടുവിൽ സെമിയിൽ ഇറ്റലിയോടു പെനൽറ്റി ഷൂട്ടൗട്ടിലൂടെ പുറത്തായ ഈ പയ്യന്മാർ ഇനി ലക്ഷ്യമിടുന്നത് ഒളിന്പിക് സ്വർണത്തിനായി. യൂറോയിൽ ഇവർ കാഴ്ചവച്ച പ്രകടനം നിരീക്ഷിച്ചവർ ഒന്നടങ്കം പറയുന്നത് ഒളിന്പിക് സ്വർണത്തിൽ മുത്തമിടാൻ ഇവർ എന്തുകൊണ്ടും യോഗ്യരാണെന്നാണ്. അതുകൊണ്ടുതന്നെ ഒളിന്പിക്സ് ഫുട്ബോളിൽ സ്വർണം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമായിരിക്കുകയാണു സ്പെയിൻ.
യൂറോയിലെ യുവതാരം
യൂറോ 2020ൽ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം നേടിയാണു പതിനെട്ടുകാരനായ പെഡ്രി ഒളിന്പിക്സിനെത്തുന്നത്. പെഡ്രിയുടെ ക്ലബ്ബായ ബാഴ്സലോണ താരത്തിനെ ഒളിന്പിക്സിനു വിട്ടുനൽകാൻ തയാറല്ലായിരുന്നു. എന്നാൽ, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ കടുംപിടിത്തത്തിനു മുന്നിൽ ഒടുവിൽ ബാഴ്സയ്ക്കു മുട്ടുമടക്കേണ്ടിവന്നു. യൂറോയിൽ സ്പെയിൻ കളിച്ച ആറ് മത്സരങ്ങളിൽ വെറും ഒരു മിനിറ്റ് മാത്രമായിരുന്നു പെഡ്രി കളത്തിലില്ലാതിരുന്നത്. സെമി വരെയുള്ള കണക്കിൽ യൂറോയിൽ ഏറ്റവും അധികം ദൂരം (76.1 കിലോമീറ്റർ) ഓടിയ താരവും പെഡ്രിയായിരുന്നു. സ്പെയിനിന്റെ അടുത്ത ഇനിയെസ്റ്റ എന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ പെഡ്രിയുടെ ചിറകിലേറിയാകും ഒളിന്പിക്സിൽ സ്പെയിനിന്റെ പ്രയാണം.
ഒളിന്പിക്സിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്പെയിൻ ജപ്പാനെതിരേ ഇറങ്ങിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം. പെഡ്രി, എറിക് ഗാർസ്യ എന്നിവരെ സൈഡ് ബെഞ്ചിൽ ഇരുത്തിയായിരുന്നു സ്പെയിൻ തുടങ്ങിയത്. 42-ാം മിനിറ്റിൽ ലീഡ് നേടിയ ജപ്പാനെ സമനിലയിൽ പിടിക്കാൻ പെഡ്രി കളത്തിലിറങ്ങേണ്ടിവന്നു. 67-ാം മിനിറ്റിൽ കളത്തിലെത്തിയ പെഡ്രിയുടെ അസിസ്റ്റിൽനിന്ന് 78-ാം മിനിറ്റിൽ കാർലോസ് സോളർ ഗോൾ നേടി സ്പെയിനിനെ സമനിലയിൽ എത്തിച്ചു.
അണ്ടർ 23
1992 ബാഴ്സലോണ ഒളിന്പിക്സ് മുതൽ ഏർപ്പെടുത്തിയ നിബന്ധനയാണു ഫുട്ബോൾ ടീമിന്റെ പ്രായം അണ്ടർ 23 ആയിരിക്കണമെന്നത്. 16 അംഗ ടീമിൽ മൂന്ന് മുതിർന്ന താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. ജനുവരിയിൽ 25 വയസ് പൂർത്തിയായ മാർകൊ അസെൻസിയൊയാണ് സ്പെയിനിന്റെ ഒളിന്പിക് സംഘത്തിലെ തലമുതിർന്നയാൾ. 2019 യൂറോ അണ്ടർ 21 കിരീടം സ്വന്തമാക്കിയ സ്പാനിഷ് ടീം അംഗമാണ് റയൽ മാഡ്രിഡ് താരമായ അസെൻസിയൊ. അസെൻസിയൊ അടക്കം 2019 അണ്ടർ 21 യൂറോ ചാന്പ്യന്മാരായ ഒന്പത് പേർ ഒളിന്പിക്സിനുണ്ട്.
ഫെറാൻ ടോറസ് (മാഞ്ചസ്റ്റർ സിറ്റി), ഫാബിയാൻ റൂയിസ് (നാപ്പോളി), റോഡ്രിഗൊ മൊറേനൊ (ലീഡ്സ് യുണൈറ്റഡ്) എന്നിവരെയും ഒളിന്പിക് ടീമിൽ ഉൾപ്പെടുത്താൻ സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ല ഫ്വെന്റെ ആഗ്രഹിച്ചിരുന്നെങ്കിലും അവരുടെ ക്ലബ്ബുകൾ അതിനു തയാറായില്ല. സ്പാനിഷ് അണ്ടർ 21 പരിശീലകനാണ് ഫ്വെന്റെ. ഗ്രൂപ്പ് സിയിൽ അർജന്റീന, ഓസ്ട്രേലിയ, ഈജിപ്ത് എന്നിവയ്ക്കൊപ്പമാണ് സ്പെയിൻ.
ടോക്കിയോയിലുണ്ട് പെഡ്രിയും സംഘവും
11:22 PM Jul 19, 2021 | Deepika.com