യൂറോ 2020 ഫുട്ബോൾ ക്വാർട്ടറിൽ ഇറ്റലിയും ബെൽജിയവും ഏറ്റുമുട്ടിയപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പത്തൊന്പതുകാരനായ ജെറേമി ഡോക്കു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ബെൽജിയത്തിനായി ലുകാക്കു ലക്ഷ്യത്തിലെത്തിച്ച പെനൽറ്റിക്കു കാരണക്കാരൻ ഡോക്കു ആയിരുന്നു. ഡോക്കുവിനെ ബോക്സിനുള്ളിൽ ഡി ലോറെൻസോ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. 2004ൽ ഫ്രാൻസിനെതിരേ ഇംഗ്ലണ്ടിനായി വെയ്ൻ റൂണി പെനൽറ്റി നേടിയതിനുശേഷം യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ ഒരു കൗമാരക്കാരൻ പെനൽറ്റി സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.
ഇറ്റാലിയൻ താരങ്ങൾക്കെതിരേ എട്ട് ഡ്രിബ്ലിംഗ് ആണ് ഡോക്കു വിജയകരമായി പൂർത്തിയാക്കിയത്. ലോകകപ്പ്, യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഒരു കൗമാരക്കാരൻ ഒരു മത്സരത്തിൽ നടത്തുന്ന ഏറ്റവും കൂടുതൽ ഡ്രിബ്ലിംഗ് എന്ന റിക്കാർഡ് ഡോക്കുവിനു സ്വന്തം. 2020 സെപ്റ്റംബറിലാണ് ഡോക്കു രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
ഡ്രിബ്ലിംഗ് സ്റ്റാർ ഡോക്കു
12:23 AM Jul 04, 2021 | Deepika.com