മിലൻ ബാരോഷ്, ചെക് റിപ്പബ്ലിക്കിന്റെ ഒരുകാലത്തെ ഏറ്റവും മികച്ച താരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ, ആസ്റ്റണ്‍ വില്ല തുടങ്ങിയ ടീമുകൾക്കായി ബൂട്ടണിഞ്ഞ ബാരോഷിന്റെ റിക്കാർഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണു ചെക് ഫുട്ബോൾ ടീമിന്റെ യൂറോ 2020ലെ സ്കോറിംഗ് മെഷീനായ പാട്രിക് ഷീക്ക്. യൂറോ ക്വാർട്ടറിൽ ഇന്നു ചെക് റിപ്പബ്ലിക് ഡെന്മാർക്കിനെ നേരിടുന്പോൾ ഷീക്ക് ബാരോഷിന്റെ റിക്കാർഡിനൊപ്പമെത്തുമോ എന്നതാണു സുപ്രധാന ചോദ്യം. ഇന്ത്യൻ സമയം രാത്രി 9.30ന് ബാകുവിലെ ഒളിന്പിക് സ്റ്റേഡിയത്തിലാണ് പോരാട്ടം.
2004 യൂറോയിൽ ബാരോഷ് ആയിരുന്നു ടോപ് സ്കോററിനുള്ള ഗോൾഡണ്‍ ബൂട്ട് സ്വന്തമാക്കിയത്. അഞ്ചു ഗോൾ നേടിയ ബാരോഷിന്റെ മികവിൽ ചെക് റിപ്പബ്ലിക് 2004ൽ സെമിയിലെത്തിയിരുന്നു. യൂറോയിൽ ഗോൾഡണ്‍ ബൂട്ട് സ്വന്തമാക്കിയ ഏക ചെക് താരമാണു ബാരോഷ്. ഇരുപത്തഞ്ചുകാരനായ ഷീക്ക് യൂറോ 2020ൽ നാല് ഗോൾ സ്വന്തമാക്കിക്കഴിഞ്ഞു. ഒരു ഗോൾകൂടി നേടിയാൽ ടോപ് സ്കോറർ സ്ഥാനത്ത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഒപ്പമെത്താം.
ചരിത്രം തിരുത്താൻ ഡെന്മാർക്ക്
യൂറോ ചരിത്രത്തിൽ ചെക് റിപ്പബ്ലിക്കിനോടു മത്സരിച്ചപ്പോഴെല്ലാം തോൽവി വഴങ്ങാനായിരുന്നു ഡെന്മാർക്കിന്റെ വിധി. 2000 യൂറോയുടെ ഗ്രൂപ്പ് ഘട്ടത്തിലും 2004ൽ ക്വാർട്ടറിലും. 2004 ക്വാർട്ടറിൽ ബാരോഷിന്റെ ഇരട്ട ഗോൾ ബലത്തിൽ ചെക് 3-0ന് ജയിച്ചിരുന്നു. അതിന്റെ കണക്കു തീർക്കാനുള്ള അവസരമാണു ഡെന്മാർക്കിനുള്ളത്.
സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണ് ആദ്യ മത്സരം മുതൽ ഇല്ലാതിരുന്നിട്ടും ഡെന്മാർക്കിന്റെ പ്രയാണത്തെ അത് ബാധിച്ചില്ലെന്നതാണു ശ്രദ്ധേയം. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിലെ അഞ്ചെണ്ണവും സമനിലയായിരുന്നു.
ബാരോഷിന്റെ ഒപ്പമെത്താൻ ഷീക്ക്
01:28 AM Jul 03, 2021 | Deepika.com