ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയ്ക്ക് ആദ്യ ജയം. മറുപടിയില്ലാത്ത ഒരു ഗോളിന് ഉറുഗ്വെയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. 13-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയുടെ പാസിൽനിന്ന് ഗുയ്ഡൊ റോഡ്രിഗസ് ആണ് അർജന്റീനയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 2019 ജൂണിനുശേഷം റോഡ്രിഗസ് പ്ലേയിംഗ് ഇലവണിൽ ഇടംപിടിച്ചത് ആദ്യമായായിരുന്നു.
2019 കോപ്പ അമേരിക്ക സെമയിൽ പരാജയപ്പെട്ടശേഷം അർജന്റീന ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. തുടർച്ചയായ 15-ാം മത്സരത്തിലാണ് അപരാജിതരായി അർജന്റീന കളംവിടുന്നത്.
സസ്പെൻഷനെത്തുടർന്ന് രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന എഡിസണ് കവാനി ഉറുഗ്വെയ്ക്കായി ഇറങ്ങിയ മത്സരമായിരുന്നു. 26-ാം മിനിറ്റിൽ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ കവാനിക്കു സാധിച്ചില്ല.
മറ്റൊരു മത്സരത്തിൽ ചിലി 1-0നു ബൊളീവിയയെ കീഴടക്കി. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി അർജന്റീനയാണ് ഒന്നാമത്. ഇത്രയും പോയിന്റുമായി ചിലി രണ്ടാമതുണ്ട്.
അർജന്റീനയ്ക്ക് ജയം
12:53 AM Jun 20, 2021 | Deepika.com