കോപ്പൻഹേഗൻ (ഡെന്മാർക്ക്): യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ് പുറത്തായ കെവിൻ ഡി ബ്രൂയിൻ മിന്നും പ്രകടനത്തിലൂടെ ഫുട്ബോൾ കളത്തിലേക്ക് തിരിച്ചെത്തി. യൂറോ കപ്പ് ഗ്രൂപ്പ് ബിയിൽ ഡെന്മാർക്കിനെതിരേ 2-1ന് ബെൽജിയം ജയിച്ചത് കെവിൻ ഡി ബ്രൂയിന്റെ മിന്നും പ്രകടനത്തിലൂടെയായിരുന്നു. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത കെഡിബി ഇഫക്ടായിരുന്നു മത്സരത്തിന്റെ ആകർഷണം.
46-ാം മിനിറ്റിൽ ഡ്രീസ് മെർടെൻസിനു പകരമായാണ് ബ്രൂയിൻ കളത്തിലെത്തിയത്. 55-ാം മിനിറ്റിൽ തൊറാൻ ഹസാർഡിന് തളികയിലെന്നതുപോലെ ഗോളിലേക്ക് പാസ് നൽകിയ കെഡിബി ഇഫക്ട് ബെൽജിയത്തിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 70-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഒരു ലോംഗ് ഷോട്ടിലൂടെ കെഡിബി ബെൽജിയത്തിനു ജയം സമ്മാനിച്ചു. ആ ഗോളിന് അസിസ്റ്റ് ചെയ്തത് 59-ാം മിനിറ്റിൽ പകരക്കാരുടെ ബെഞ്ചിൽനിന്ന് കളത്തിലെത്തിയ ഏഡൻ ഹസാർഡും.
റിക്കാർഡ് പലത്
മത്സരത്തിൽ ഡെന്മാർക്കിനായി ഗോൾ നേടിയ യൂസഫ് പോൾസണ്‍ യൂറോ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളിന് ഉടമയായി. 99-ാം സെക്കൻഡിലായിരുന്നു പോൾസന്റെ ഗോൾ. 2004 യൂറോയിൽ റഷ്യയുടെ ദിമിത്രി കിറിചെങ്കോ 65-ാം സെക്കൻഡിൽ ഗ്രീസിനെതിരേ നേടിയതാണ് റിക്കാർഡ്.
കെവിൻ ഡി ബ്രൂയിനും ഏഡൻ ഹസാർഡും പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. 2008നു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സഖ്യമാണിവർ.
കെഡിബി ഇഫക്ട്
12:53 AM Jun 19, 2021 | Deepika.com