ബുക്കാറെസ്റ്റ് (റൊമാനിയ): പെനൽറ്റി തുലയ്ക്കുന്നതിൽ തുല്യരാണെങ്കിലും ഗോൾ നേടുന്നതിൽ രണ്ട് തവണ വിജയിച്ച യുക്രെയ്ൻ 2-1ന് നോർത്ത് മാസിഡോണിയയെ കീഴടക്കി. യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ യുക്രെയ്നിന്റെ ആദ്യ ജയമാണിത്. 84-ാം മിനിറ്റിൽ യുക്രെയ്നിന്റെ റുസ്ലൻ മലിനൊവ്സ്കിയും 57-ാം മിനിറ്റിൽ നോർത്ത് മാസിഡോണിയയുടെ എസ്യാൻ അലിയോസ്കിയുമാണ് പെനൽറ്റി നഷ്ടപ്പെടുത്തിയത്.
സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും യുക്രെയ്ൻ ഗോളി ബുഷ്ചാൻ തടഞ്ഞ പന്ത് തട്ടിത്തെറിച്ചെത്തിയത് മുതലാക്കി അലിയോസ്കി വലചലിപ്പിച്ചു. നോർത്ത് മാസിഡോണിയയുടെ ആശ്വാസ ഗോളായിരുന്നു അത്. യുക്രെയ്ൻ സൂപ്പർ മുന്നേറ്റക്കാരായ ആൻഡ്രി യാർമൊലെങ്കോയും (29’) റൊമാൻ യാരെംചുക്കും (34’) ആദ്യ പകുതിയിൽത്തന്നെ ടീമിനെ 2-0നു മുന്നിലെത്തിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഈ സഖ്യം വലകുലുക്കുന്നത്.
ചരിത്രനേട്ടം
യുക്രെയ്നിന്റെ മുന്നേറ്റനിരക്കാരായ ആൻഡ്രി യാർമൊലെങ്കോയും റൊമാൻ യാരെംചുക്കും ചരിത്രനേട്ടത്തിൽ. യുവേഫ യൂറോ കപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ രണ്ട് മത്സരങ്ങളിലെ ആദ്യ രണ്ട് ഗോളും സ്വന്തമാക്കുന്ന സഖ്യമായി ഇവർ. ഗ്രൂപ്പ് സിയിൽ ഹോളണ്ടിനെതിരേ ഗോൾ നേടിയ ഇരുവരും ഇന്നലെ നോർത്ത് മാസിഡോണിയയ്ക്കെതിരേയും ലക്ഷ്യംനേടി.
ഡബിൾസ് ; യുക്രെയ്ൻ 2-1ന് നോർത്ത് മാസിഡോണിയയെ കീഴടക്കി
12:56 AM Jun 18, 2021 | Deepika.com