ബ്രസീലിയ: ഗോള്‍ അടിപ്പിച്ചും അടിച്ചും തിളങ്ങിയ നെയ്മറുടെ മികവില്‍ ബ്രസീലിന് അനായാസ ജയം. കോപ്പ അമേരിക്ക ഫുട്ബോള്‍ ഗ്രൂപ്പ് ബിയിലെ ഉദ്ഘാടനമത്സരത്തില്‍ ബ്രസീല്‍ 3-0ന് വെനസ്വേലയെ തോല്‍പ്പിച്ചു. നെയ്മറിനു പുറമെ മാര്‍ക്വിനോസ്, ഗബ്രിയേല്‍ ബര്‍ബോസ എന്നിവരാണു ഗോള്‍ നേടിയത്.
തുടക്കം മുതലേ ബ്രസീല്‍ വെനസ്വേലന്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 23-ാം മിനിറ്റില്‍ ബ്രസീല്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണറില്‍നിന്നു നെയ്മറെടുത്ത കിക്കിലേക്കു മാര്‍ക്വിനോസ് കടന്നു വന്നു. മാര്‍ക്വിനോസിന്റെ തുടയിലിടിച്ച പന്ത് വലയിലേക്കു സാവധാനം ഉരുണ്ടുകയറി.
64-ാം മിനിറ്റില്‍ സ്പോട് കിക്കിലൂടെ നെയ്മര്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടി. യൊഹാന്‍ കമാന ഡാനിലോയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനായിരുന്നു സ്പോട് കിക്ക്. 89-ാം മിനിറ്റില്‍ നെയ്മറുടെ ക്രോസില്‍ ഗോള്‍ വരയ്ക്കു തൊട്ടരുകില്നിന്ന ബര്‍ബോസയുടെ നെഞ്ചില്‍ തട്ടി പന്ത് വലയില്‍ കയറി. വ്യാഴാഴ്ച പെറുവിനെതിരേയാണു ബ്രസീലിന്റെ രണ്ടാം മത്സരം.
കാര്‍ഡോണ ഗോളില്‍ കൊളംബിയ
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ കൊളംബിയ 1-0ന് ഇക്വഡോറിനെ തോല്‍പ്പിച്ചു. ഭംഗിയുള്ളൊരു ഫ്രീകിക്കില്‍നിന്നാണ് എഡ്വിന് കാര്‍ഡോണ വലകുലുക്കിയത്. 42-ാം മിനിറ്റില്‍ കാര്‍ഡോണ തുടങ്ങിയത് കാര്‍ഡോണ തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. ഇക്വഡോര്‍ ബോക്സിനു വെളിയില്‍ കൊളംബിയയ്ക്ക് ലഭിച്ച ഫ്രീകിക്കില്നിന്നാണു ഗോളിന്റെ പിറവി. കിക്കെടുക്കാന്‍ കാര്‍ഡോണ ഒരുങ്ങിനില്‍ക്കുമ്പോള്‍ തടയാന്‍ പതിവുപോലെ മതില്‍കെട്ടി ഇക്വഡോര്‍ താരങ്ങള്‍ നിന്നു. എന്നാല്‍, പന്ത് നേരെ ബോക്സിനുള്ളിലേക്ക് ഉയര്‍ത്തിവിടുന്നതിനു പകരം ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങിയ യുവാന്‍ ക്വാഡ്രഡോയ്ക്കു തട്ടിയിട്ടുകൊടുക്കുകയാണു കാര്‍ഡോണ ചെയ്തത്. ക്വാഡ്രഡോ ഷോട്ടെടുക്കുമെന്നു പ്രതീക്ഷിച്ചുനില്‍ക്കെ ഓടി അടുത്തെത്തിയ കാര്‍ഡോണ പന്ത് ഒരിക്കല്‍ക്കൂടി സ്വീകരിച്ച് ക്വാഡ്രഡോയ്ക്കുതന്നെ മറിച്ചു.
ഈ സമയം ഇക്വഡോര്‍ പ്രതിരോധം പൊളിഞ്ഞു. കാര്‍ഡോണ ഇക്വഡോര്‍ പ്രതിരോധത്തിനുള്ളിലൂടെ ബോക്സിനുള്ളിലേക്ക് ഓടിക്കയറി. ക്വാഡ്രഡോ ആകട്ടെ, പന്ത് പോസ്റ്റിനു തൊട്ടുമുന്നില്‍ മിഗ്വേല്‍ ബോര്ഹയ്ക്കു മറിച്ചു. ബോര്‍ഹ പന്ത് ഹെഡ് ചെയ്ത് ഓടിക്കയറുന്ന കാര്ഡോണയ്ക്കു മുന്നിലിട്ടു.
പന്ത് സ്വീകരിച്ച താരം ലക്ഷ്യം കാണുകയും ചെയ്തു ഗോള്‍ നേടാന്‍ കാര്ഡോണയ്ക്കു വേണ്ടിവന്നതു രണ്ടു കളിക്കാരുടെ ടച്ചുകളാണ്. അവസാന മൂന്നാം ടച്ചില്‍ കാര്‍ഡോണ ഗോളാക്കി. ഓഫ് സൈഡെന്നു പറഞ്ഞ് ഗോള്‍ ആദ്യം നിഷേധിച്ചു. എന്നാല്‍ വിഎആര്‍ പരിശോധയിലൂടെ ആദ്യ തീരുമാനം പിന്‍വലിച്ച് ഗോള്‍ അനുവദിച്ചു. കൊളംബിയ അടുത്ത മത്സരത്തില്‍ വെനസ്വേലയെ നേരിടും.
നെയ്മര്‍ തിളങ്ങി
11:29 PM Jun 14, 2021 | Deepika.com