ഗ്ലാസ്ഗോ: പാട്രിക് ഷിക്ക് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനു ജയം. യൂറോ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക് 2-0ന് സ്കോട്ലന്ഡിനെ തോല്‍പ്പിച്ചു.
23 വര്‍ഷത്തിനുശേഷം സ്കോട്ലന്ഡ് ഇറങ്ങിയ ആദ്യ പ്രധാന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന്റെ ഫലം നിരാശയാണ് സമ്മാനിച്ചത്. 1998 ലോകകപ്പിനുശേഷം സ്കോട്ലന്ഡിന്റെ ആദ്യ ടൂര്‍ണമെന്റാണിത്. 42-ാം മിനിറ്റിലും രണ്ടാം പകുതിയില്‍ 50 വാര പുറത്തുനിന്നെടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെയുമാണ് ഷിക്ക് സ്കോട്ടിഷ് വല കുലുക്കിയത്.
ഇരുടീമും തുല്യപോരാട്ടമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. ഇതില്‍ സ്കോട്ലന്ഡ് അല്പമെങ്കിലും മുന്നില്‍നിന്നു. അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ആതിഥേയര്‍ മികച്ചുനിന്നെങ്കിലും അത് ലക്ഷ്യത്തിലെക്കുന്നതില് സകോട്ടിഷുകാര് പരാജയപ്പെട്ടു. മത്സരത്തിനു മുമ്പ് കെയ്റണ്‍ ടൈറനിക്കു പരിക്കേറ്റത് സ്കോട്ലന്ഡിനു തിരിച്ചടി നല്കി. സൗഹൃദ മത്സരത്തില്‍ അല്‍ബേനിയയെ തോല്‍പ്പിച്ച ചെക്ക് ടീമിന്റെ ആദ്യ പതിനൊന്നില്‍ മാറ്റമൊന്നും വരുത്താതെയാണ് പരിശീലകന് ജാറോസ്ലാവി ഷില്ഹാവി ടീമിനെ അണിനിരത്തിയത്.
സ്കോട്ലന്ഡ് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചുവെങ്കിലും ഗോള്‍ നേടുന്നതില്‍ വിജയിക്കാനായില്ല. ആന്‍ഡ്രു റോബര്ട്സണ് പലപ്പോഴും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. വലയിലേക്ക് റോബര്ട്സണ് പായിച്ച ഒരു ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ തോമസ് വാക് ലിക് തട്ടിയകറ്റി.
അതുവരെയുള്ള കളിയുടെ ഒഴുക്കിനു വിപരീതമായി ചെക് റിപ്പബ്ലിക് ആദ്യഗോള്‍ നേടി. ചെക്കിനു ലഭിച്ച ഏറ്റവും മികച്ച അവസരം ഗോളാക്കുന്നതില്‍ വിജയിച്ചു. തുടര്‍ച്ചയായി കോര്‍ണര്‍ വഴങ്ങി സ്കോട്ലന്ഡ് ചെക്കിന് ആദ്യ ഗോള്‍ നേടാനുള്ള വഴിയൊരുക്കി. 42-ാം മിനിറ്റില്‍ വ്ലാഡിമിര്‍ കൗഫാളിന്റെ കോര്‍ണറില്‍നിന്ന് ഹെഡറിലൂടെ ഷിക്ക് ചെക്കിനെ മുന്നിലെത്തിച്ചു. ഒരു വഴങ്ങിയതോടെ സ്കോട്ലന്ഡ് സമനിലയ്ക്കായി ശക്തമായി ആക്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
സ്കോട്ലന്ഡ് രണ്ടാം പകുതിയിലും മികച്ച തുടക്കമാണിട്ടത്. എന്നാല്‍ സ്കോട്ലന്ഡിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ഷിക്ക് 53-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തില്‍ ഇടംപിടിക്കാവുന്ന ഗോളായിരുന്നു അത്. 50.6 വാര അകലെ നിന്ന് ഷിക്ക് തൊടുത്ത ഷോട്ട് വലയില്‍ തറച്ചു. 1980നുശേഷം യൂറോയിലോ ലോകകപ്പിലോ പിറക്കുന്ന ഏറ്റവും ദൂരം കൂടിയ ലോംഗ് റേഞ്ച് ഗോളായിരുന്നു അത്.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ സ്കോട്ലന്ഡ് വെംബ്ലിയില്‍ ഇംഗ്ലണ്ടിനെയും ചെക്ക് റിപ്പബ്ലിക് ക്രൊയേഷ്യയെയും നേരിടും.
താരമായി ഷിക്ക്
11:29 PM Jun 14, 2021 | Deepika.com