ആംസ്റ്റര്‍ഡാം: 2020 യൂറോ കപ്പ് ഫുട്ബോളിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും ആവേശംനിറഞ്ഞതായിരുന്നു അഞ്ചു ഗോളുകള്‍ പിറന്ന നെതര്‍ലന്‍ഡ്സ്-യുക്രെയ്ന് മത്സരം. ഗ്രൂപ്പ് സിയില്‍ നെതര്‍ലന്‍ഡ്സ് 3-2ന് യുക്രെയിനെ തകര്‍ത്തു. രണ്ടു ഗോളിനു മുന്നില്‍ നിന്ന ജയം ഉറപ്പിച്ചു നീങ്ങുമ്പോളാണ് യുക്രെയിന് തിരിച്ചടിച്ച് സമനില പിടിച്ചത്. സമനിലയെന്ന് ഉറപ്പിച്ചിരിക്കേ ഡെന്‍സല്‍ ഡുംഫ്രിസിന്റെ 85-ാം മിനിറ്റിലെ ഗോള്‍ അന്തിമവിജയം ഹോളണ്ടിന്റേതാക്കി. ഡുംഫ്രിസാണ് നെതര്‍ലന്‍ഡ്സിന്റെ ആദ്യ ഗോളുകളുടെ കേന്ദ്രമായത്.
2008നുശേഷം യൂറോയില്‍ നെതര്‍ലന്‍ഡ്സ് നേടുന്ന ആദ്യ ജയമാണ്. 2014 ലോകകപ്പിനുശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്സിന്റെ ആദ്യ ജയമായിരുന്നു.
ആദ്യ പകുതി വരെ ഗോളുകളൊന്നും പിറക്കാതെ സമാധാനമായി നീങ്ങുന്ന കളിയായിരുന്നു. ആദ്യപകുതിയില്‍ ഇരുടീമുകളും ആക്രമിച്ചു കയറിയെങ്കിലും മുന്നേറ്റങ്ങള്‍ ഗോള്‍മുഖം വരെയെത്തി പാഴായി. ഫ്രാങ്ക് ഡി ബോറിന്റെ നെതര്‍ലന്‍ഡ്സാണ് കൂടുതല്‍ അവസരങ്ങള്‍ പാഴാക്കിയത്.
രണ്ടാം പകുതി തുടങ്ങി ഏഴുമിനിറ്റായപ്പോള്‍ ഓറഞ്ചുകുപ്പായക്കാര്‍ സമനില പൊട്ടിച്ച് വല കുലുക്കി. വലതുവിംഗില്‍നിന്നു ഡുംഫ്രിസ് നീട്ടിയ ക്രോസ് യുക്രെയിന് ഗോളി ജോര്‍ജി ബുഷ്ചാന്റെ കൈയില്‍നിന്ന് വഴുതി ഓടിയെത്തിയ ജോര്‍ജിനിയോ വിനാല്‍ഡമിന്റെ കാലുകളിലേക്കായിരുന്നു. പെനല്‍റ്റി സ്പോടില്‍ വീണുപോയ ഗോളിക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പേ വിയനാല്‍ഡം പന്ത് വലയിലാക്കി. 57-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് അടുത്ത ഗോളും നേടി. വലതുവിംഗിലൂടെ പന്തുമായി ബോക്സിനുള്ളിലെത്തിയ ഡുംഫ്രിസിന്റെ ഷോട്ട് യുക്രെയിന് പ്രതിരോധക്കാര്‍ തട്ടി. എന്നാല്‍ പന്ത് വൗട്ട് വെഗ്ഹോഴ്സ്റ്റിന്റെ കാലുകളിലാണു വീണത്. വെഗ്ഹോഴ്സ്റ്റ് അവസരം വലയിലാക്കി.
എന്നാല്‍ യുക്രെയിന് കീഴടങ്ങാന്‍ തയാറല്ലായിരുന്നു. 75-ാം മിനിറ്റില്‍ ആന്‍ഡ്രി യാര്‍മോലെങ്കോയുടെ ലോംഗ് റേഞ്ചര്‍ നെതര്‍ലന്‍ഡ്സിന്റെ വല തുളച്ചു. ഇതോടെ യുക്രെയിന്റെ കളിക്കു വേഗം കൂടി. നാലു മിനിറ്റ് കൂടി കഴിഞ്ഞ് നെതര്‍ലന്‍ഡ്സിനെ ഞെട്ടിച്ച് റോമന്‍ യാരെംചുക് വലകുലുക്കി. ജയത്തിനായി പൊരുതിയ നെതര്‍ലന്‍ഡ്സിന്റെ വിജയഗോള്‍ ഡുംഫ്രിസ് നേടി.
ആവേശത്തിനൊടുവില്‍ ഓറഞ്ചുപട
11:29 PM Jun 14, 2021 | Deepika.com