പാരീസ്: കളിമണ്‍കോർട്ടിലെ ഏക ഗ്രാൻസ്ലാം ആയ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ചാന്പ്യനെ ഇന്നറിയാം. ഇതാദ്യമായി ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിച്ച ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവയും റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയും തമ്മിലാണ് കിരീട പോരാട്ടം.
ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കരിയെ മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ കീഴടക്കിയാണ് ക്രെജിക്കോവ ഫൈനലിലെത്തിയത്. മാച്ച് പോയിന്റ് സേവ് ചെയ്തായിരുന്നു ക്രെജിക്കോവയുടെ ഫൈനലിലേക്കുള്ള ചുവടുവയ്പ്പ്. സ്കോർ: 7-5, 4-6, 9-7. തമാറ സിദാൻഷെകിനെ 7-5, 6-3നു കീഴടക്കിയായിരുന്നു പവ്ല്യുചെങ്കോവ ഫൈനലിൽ പ്രവേശിച്ചത്.
ക്രെജിക്കോവയ്ക്ക് ഇരട്ടിമധുരം
ഇരുപത്തഞ്ചുകാരിയായ ക്രെജിക്കോവയ്ക്ക് ഇരട്ടിമധുരം. വനിതാ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചതിനു പിന്നാലെ ഡബിൾസ് ഫൈനലിലും ചെക് താരം ഇടംപിടിച്ചു. വനിതാ ഡബിൾസ് സെമിയിൽ ചെക് റിപ്പബ്ലിക്കിന്റെ ക്രെജിക്കോവ - കത്രീന സിനിയകോവ സഖ്യം ബെർണാഡ പേര - മഗ്ദ ലിനെറ്റ് കൂട്ടുകെട്ടിനെ 6-1, 6-2ന് കീഴടക്കി.
വനിതാ ഡബിൾസിൽ ക്രെജിക്കോവ 2018ൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്. മിക്സഡ് ഡബിൾസിൽ ഓസ്ട്രേലിയൻ ഓപ്പണ്‍ തുടർച്ചയായി മൂന്ന് തവണ (2019, 2020, 2021) സ്വന്തമാക്കിയ ചരിത്രവും ക്രെജിക്കോവയ്ക്കു സ്വന്തം.
8ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനൽ ഇന്ന്
11:53 PM Jun 11, 2021 | Deepika.com