യൂറോ 2020 കിക്കോഫിന്റെ കാഹളധ്വനിയായ ആദ്യ വിസിൽ മുഴക്കുന്നത് ഡച്ച് റഫറി ഡാനി മക്കലി. മുപ്പത്തെട്ടുകാരനായ മക്കലിയാണ് ഇന്ന് നടക്കുന്ന ഇറ്റലി x തുർക്കി ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത്. ഡച്ചു കാരനായ കെവിൻ ബ്ലോം വീഡിയോ അസിസ്റ്റന്റാവും. രണ്ട് സഹായികൾ ക്രിസ്റ്റ്യൻ ഗിറ്റെൽമാനും ബാസ്റ്റ്യൻ ഡാൻകേർട്ടണും. വീഡിയോ അസിസ്റ്റന്റ് റഫറിമാരുടെ (വിഎആർ) ടീമിലേക്ക് ക്രിസ്റ്റ്യൻ ഡിംഗർട്ട്, മാർക്കോ ഫ്രിറ്റ്സ് എന്നിവരെ നിയമിച്ചു. ഫെലിക്സ് ബ്രിച്ച്, ഡാനിയൽ സീബർട്ട് എന്നിവർ സ്റ്റാൻഡ്ബൈ റഫറിമാരും ആയിരിക്കും.
യുവേഫ കപ്പിന്റെ 51 മത്സരങ്ങളിൽ ആകെ 19 റഫറിമാരാണ് വിസിൽ മുഴക്കുന്നത്. യുവേഫയും തെക്കേ അമേരിക്കൻ ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി, അർജന്റീനക്കാരനായ ഫെർണാണ്ടോ റപ്പല്ലിനിയും റഫറി സംഘത്തിലുണ്ട്.
സ്റ്റെഫാനി ഫ്രപ്പാർട്ട്
യൂറോപ്യൻ ചാന്പ്യൻഷിപ്പിലെ ഏക വനിതാ റഫറിയായി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാർട്ട് മൽസരങ്ങൾ നിയന്ത്രിക്കും. പുരുഷ സോക്കർ ചാന്പ്യൻഷിപ്പിൽ ആദ്യമായിട്ടാണ് ഒരു വനിത, റഫറി ടീമിന്റെ ഭാഗമാവുന്നത്. 2012 മുതൽ വനിതാ ചാന്പ്യൻസ് ലീഗിലും 2019ലെ വനിതാ സോക്കർ ലോകകപ്പിലും പതിവ് സാന്നിധ്യമാണ് മുപ്പത്തേഴുകാരിയായ സ്റ്റെഫാനി. 2019 ഓഗസ്റ്റ് 14 ന് ലിവർപൂൾ എഫ്സിയും ചെൽസി എഫ്സിയും തമ്മിലുള്ള യുവേഫ സൂപ്പർകപ്പ് മത്സരം നിയന്ത്രിച്ചു. അതോടെ ഒരു പ്രധാന പുരുഷ മത്സരം നിയന്ത്രിച്ച ആദ്യ വനിതയായി.
ജോസ് കുന്പിളുവേലിൽ
ആദ്യവിസിൽ മുഴക്കാൻ മക്കലി
12:12 AM Jun 11, 2021 | Deepika.com