ബ്രസല്‍സ്/ലണ്ടന്‍: യൂറോ കപ്പിനു മുമ്പുള്ള അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബെല്‍ജിയത്തിനും ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്സിനു ജയം. റൊമേലു ലുക്കാക്കുവിന്റെ ഗോളില്‍ ബെല്‍ജിയം 1-0ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.
ലുക്കാക്കുവിന്റെ 60-ാമത്തെ അന്താരാഷ് ട്ര ഗോളായിരുന്നു. ആധികാരികമായി കളിച്ച ബെല്‍ജിയത്തെ 38-ാം മിനിറ്റിലാണ് ലുക്കാക്കു മുന്നിലെത്തിച്ചത്. 92-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് പകരക്കാരനായി ഇറങ്ങി. 2019 നവംബറിനുശേഷം ആദ്യമായാണ് ഹസാര്‍ഡ് ദേശീയ ടീമിനൊപ്പം ഇറങ്ങുന്നത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായ ഹസാര്‍ഡ് തിരിച്ചുവരവിന്റെ പാതയിലാണ്.
ഗ്രൂപ്പ് ബിയിലുള്ള ബെല്‍ജിയം ആദ്യമത്സരത്തില്‍ റഷ്യയെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നേരിടും. ഗ്രൂപ്പ് ഡിയിലുള്ള ക്രൊയേഷ്യയുടെ ആദ്യമത്സരം ഇംഗ്ലണ്ടിനെതിരേ വെംബ്ലിയിലാണ്.
ക്യാപ്റ്റന്‍ മാര്‍ക്സ് റാഷ്ഫഡിന്റെ പെനല്‍റ്റിയില്‍ ഇംഗ്ലണ്ട് 1-0ന് റൊമാനിയയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 70 ശതമാനത്തോളം പന്തടക്കം ഇംഗ്ലണ്ടിനായിരുന്നു. എന്നാല്‍ ഗോളാക്കാന്‍ ഇംഗ്ലണ്ടിനായില്ല. 68-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി റാഷ്ഫഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
മെംഫിസ് ഡിപെ, വൗട്ട് വെഗോറസ്റ്റ്, റയാന് ഗ്രാവന്ബ്രെച്ച് എന്നിവരുടെ ഗോളുകളില്‍ നെതര്‍ലന്‍ഡ് 3-0ന് ജോര്‍ജിയയെ തോല്‍പ്പിച്ചു.
ബെല്‍ജിയത്തിനും ഇംഗ്ലണ്ടിനും ജയം
12:03 AM Jun 08, 2021 | Deepika.com