ദോഹ: ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിക്ക് ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാര്. അല്‍ അഹ്ലി 2-0ന് മൊറോക്കന്‍ ക്ലബ് ആര്‍എസ് ബെര്കനെ തോല്‍പ്പിച്ചു. അല്‍ അഹ്ലിയുടെ 21-ാമത്തെ ആഫ്രിക്കന്‍ കിരീടമാണ്.
സിഎഎഫ് (കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ) ചാമ്പ്യന്‍സ് ലീഗ്, സിഎഎഫ് കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍ തമ്മിലാണു വാര്‍ഷിക മത്സരമായ സൂപ്പര്‍ കപ്പ് മത്സരം നടക്കുന്നത്. അല്‍ അഹ്ലി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായിരുന്നു. ബെര്കന് കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്മാരായിരുന്നു.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 57-ാം മിനിറ്റില്‍ മുഹമ്മദ് ഷെരീഫിന്റെ ഇടംകാല് ഷോട്ട് ഗോള്‍കീപ്പര്‍ സൗഹെയര്‍ ലാറൗബിയെ കടന്ന് വലയില്‍ കയറി. 82-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബിന്റെ ജയം സല മൊഹ്സന്‍ ഉറപ്പിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ക്കു സൂപ്പര്‍ കപ്പ് നേടാനായിരുന്നില്ല.
അല്‍ അഹ്ലി കോച്ച് പിറ്റ്സോ മോസിമെന്റെ നാലാം തവണയാണു സിഎഎഫ് ടൂര്‍ണമെന്റ് കിരീടമുയര്‍ത്തുന്നത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ഫൗസി ബെന്സാര്ട്ടിയാണു മുന്നില്‍.
ഈ ജയത്തോടെ അഹ്ലി സിഎഎഫിന്റെ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിയ റിക്കാര്‍ഡ് കൂടുതല്‍ ഉയര്‍ത്തി. ചാമ്പ്യന്‍സ് ലീഗ് (ഒമ്പത്), സൂപ്പര്‍ കപ്പ് (ഏഴ്), ആഫ്രിക്കന്‍ കപ്പ് വിന്നേഴ്സ് കപ്പ് (നാല്), കോണ്‍ഫെഡറേഷന്‍ കപ്പ് (ഒന്ന്) എന്നിവ നേടിയിട്ടുണ്ട്.
അല്‍ അഹ്ലിക്ക് ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ്
12:28 AM May 30, 2021 | Deepika.com