മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. ഭുവി ടെസ്റ്റിൽനിന്ന് വിരമിക്കുകയാണെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ ഭുവനേശ്വർ സാങ്കൽപ്പിക കഥകൾ പടച്ചുവിടരുതെന്ന മുന്നറിയിപ്പു നൽകി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കളിക്കാൻ സ്വയം ഉഴിഞ്ഞുവച്ചിരിക്കുകയാണ് താൻ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഭുവനേശ്വർ ഉൾപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭുവനേശ്വർ വിരമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നത്. ഇംഗ്ലണ്ടിൽ മികച്ച ടെസ്റ്റ് പ്രകടനം കാഴ്ചവച്ച പേസറാണ് ഭുവി. 2014ലാണ് താരം ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ലോഡ്സിൽ ആറു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി. 2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ഭുവനേശ്വറിന്റെ അവസാന ടെസ്റ്റ്. 21 ടെസ്റ്റിൽനിന്ന് 63 വിക്കറ്റും 552 റണ്‍സും നേടിയിട്ടുണ്ട്.
വിരമിക്കുമെന്ന് ആരു പറഞ്ഞു: ഭുവനേശ്വർ
11:15 PM May 15, 2021 | Deepika.com