ന്യൂകാസിൽ: ഫെറാൻ ടോറസ് എന്ന ഇരുപത്തൊന്നുകാരന്റെ ഹാട്രിക്ക് ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി എവേ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഇടിച്ചിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അരങ്ങേറിയ ഏഴ് ഗോൾ ത്രില്ലറിൽ 4-3നായിരുന്നു സിറ്റിയുടെ ജയം. ടോറസിന്റെ ഹാട്രിക് ബലത്തിലായിരുന്നു സിറ്റി വെന്നിക്കൊടി പാറിച്ചത്. പ്രീമിയർ ലീഗ് കിരീടം ഇതിനോടകം ഉറപ്പിച്ച സിറ്റിക്കായി 42, 64, 66 മിനിറ്റുകളിൽ ടോറസ് വലകുലുക്കി.
മെസിയെ പിന്തള്ളി ടോറസ്
പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിലുള്ള ടീമിനായി ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡിൽ ഫെറാൻ ടോറസ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പിന്തള്ളി. പെപ് ബാഴ്സയുടെ പരിശീലകനായിരിക്കേ 2010ൽ തന്റെ 22-ാം വയസിലായിരുന്നു മെസിയുടെ ഹാട്രിക്ക്. രണ്ട് ഹാഫുകളിലായി 24 മിനിറ്റിനുള്ളിലായിരുന്നു സ്പാനിഷ് താരമായ ടോറസ് ഹാട്രിക്ക് സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് 4-0ന് ബേണ്‍ലിയെ കീഴടക്കി.
ടോറസ് ഇടിച്ചിട്ടു!
11:15 PM May 15, 2021 | Deepika.com