മുംബൈ: ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പതിനേഴുകാരിയായ ഷെഫാലി വെർമ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമിൽ. ഇന്ത്യക്കായി 22 ട്വന്റി-20 കളിച്ചിട്ടുള്ള ഷെഫാലിക്ക് ഇതാദ്യമായാണ് ടെസ്റ്റ്, ഏകദിന ടീമിൽ ഇടം ലഭിക്കുന്നത്. വിക്കറ്റ് കീപ്പറായ ഇന്ദ്രാണി റോയിക്കും ദേശീയ ടീമിലേക്ക് ഇതാദ്യമായി ക്ഷണമെത്തി.
ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് നയിക്കും. ഹർമൻപ്രീത് കൗർ ആണ് വൈസ് ക്യാപ്റ്റൻ. ട്വന്റി-20 ടീമിനെ ഹർമൻപ്രീത് നയിക്കുന്പോൾ ഉപനായികയായി സ്മൃതി മന്ദാനയുണ്ട്. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനം, ട്വന്റി-20 പോരാട്ടങ്ങളുമാണ് പരന്പരയിലുള്ളത്.
വനിതാ ടീമിന്റെ പരിശീലകനായി ബിസിസിഐ രമേഷ് പൊവാറിനെ തിരികെ കൊണ്ടുവന്നു. 2018 ട്വന്റി-20 ലോകകപ്പിനിടെ മിതാലി രാജും പൊവാറും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. ചുരുക്കത്തിൽ മിതാലിയും പൊവാറും വീണ്ടും ഒന്നിക്കുന്ന ആദ്യ പരന്പരയുമാണ് ഇംഗ്ലണ്ടിനെതിരായത്. പുറത്താക്കപ്പെട്ട പരിശീലകൻ ഡബ്ല്യു.വി. രാമൻ ബിസിസിഐക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഷെഫാലി ടെസ്റ്റ് ടീമിൽ
11:15 PM May 15, 2021 | Deepika.com