ലണ്ടൻ: പതിനാലാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പുനരാരംഭിച്ചാലും ഇംഗ്ലണ്ടിൽനിന്നുള്ള കളിക്കാർ ടൂർണമെന്റിന്റെ ഭാഗമാകില്ലെന്ന് സൂചന. ഐപിഎൽ 2021 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ വർഷം നടത്തിയാൽ ഇംഗ്ലീഷ് താരങ്ങൾക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ആണ് അറിയിച്ചത്. സെപ്റ്റംബറിൽ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാമെന്ന് ഇംഗ്ലീഷ് കൗണ്ടികൾ അറിയിച്ചിരിക്കേയാണ് ഇസിബിയുടെ ഈ നിലപാടെന്നതാണ് ശ്രദ്ധേയം.
ട്വന്റി-20 ലോകകപ്പിനു മുന്‍പ്, അല്ലെങ്കിൽ ലോകകപ്പ് അവസാനിച്ചശേഷം നവംബറിൽ ഐപിഎൽ പൂർത്തിയാക്കാൻ ബിസിസിഐ ശ്രമിക്കുന്നതിനിടെയാണ് ഇസിബിയുടെ മലക്കംമറിച്ചിൽ. ജൂണ്‍ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളാണ്. അതുകൊണ്ട് ഇംഗ്ലണ്ട് കളിക്കാർ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇസിബി തലവൻ ആഷ്ലി ഗിൽസ് വ്യക്തമാക്കി. ജൂണ്‍ രണ്ട് മുതൽ ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരന്പരയോടെ ഇംഗ്ലണ്ടിന്റെ തിരക്കേറിയ ഷെഡ്യൂൾ ആരംഭിക്കും. 14 ഇംഗ്ലീഷ് താരങ്ങളാണ് ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികളിലായി 2021 ഐപിഎല്ലിൽ ഉള്ളത്.
ഐപിഎൽ പുനരാരംഭിച്ചാൽ ഇംഗ്ലണ്ടിന്റെ കളിക്കാർ ഉണ്ടാകില്ലെന്ന് സൂചന
12:53 AM May 12, 2021 | Deepika.com