മിലാൻ: ടോക്കിയൊ 2020 ഒളിന്പിക്സിൽ പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് പുരുഷ ടെന്നീസ് സിംഗിൾസ് സൂപ്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒളിന്പിക്സിൽ താൻ ഉണ്ടായേക്കില്ലെന്ന സൂചനയാണ് നദാൽ നൽകിയത്. എന്നാൽ, അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നദാൽ പറഞ്ഞു.
ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിന്പിക്സ് നടക്കേണ്ടത്. ഈ മാസം അവസാനംവരെ ടോക്കിയോ അടക്കമുള്ള മൂന്ന് പ്രദേശങ്ങളിൽ ജപ്പാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
2008 ബെയ്ജിംഗ് ഒളിന്പിക്സിൽ സിംഗിൾസ് സ്വർണം നദാലിനായിരുന്നു. 2016 റിയോ ഒളിന്പിക്സിൽ മാർക് ലോപസിനൊപ്പം ഡബിൾസ് സ്വർണവും നേടി.
അതിനിടെ ജാപ്പനീസ് ടെന്നീസ് സൂപ്പർ താരങ്ങളായ കെയ് നിഷികോരി, നവോമി ഒസാക്ക എന്നിവർ കോവിഡ് പശ്ചാത്തലത്തിൽ ഒളിന്പിക്സ് നടത്തുന്നതിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിന്പിക്സ് ആണ് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവച്ചത്. ഈ വർഷം നടന്നില്ലെങ്കിൽ ഇനിയില്ലെന്നാണ് ജാപ്പനീസ് ഒളിന്പിക്സ് കമ്മിറ്റിയുടെ നിലപാട്.
ടോക്കിയോ ഒളിന്പിക്സിൽ ഉണ്ടായേക്കില്ല: നദാൽ
12:53 AM May 12, 2021 | Deepika.com