ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ കിരീട പോരാട്ടത്തിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് പോരാളികളായ വിയ്യാറയലും ഏറ്റുമുട്ടും. വിയ്യാറയൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു യൂറോപ്യൻ ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
ഓലെ ഗണ്ണർ സോൾഷെയറിന്റെ ശിക്ഷണത്തിൻ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായും കളിക്കാരനായും ഒരു യൂറോപ്യൻ കപ്പ് ഫൈനലിന്റെ ഭാഗമാകുന്ന ആദ്യ ആൾ എന്ന ചരിത്രവും സോൾഷെയർ കുറിച്ചു. ഈ മാസം 27നാണു വിയ്യാറയൽ x മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ. യുണൈറ്റഡിന്റെ എട്ടാം യൂറോപ്യൻ ഫൈനലാണിത്.
ഓലെ ഓലെ...
ഇറ്റാലിയൻ പാരന്പര്യ ടീമായ എഎസ് റോമയെ ഇരു പാദങ്ങളിലുമായി 8-5നു മറികടന്നായിരുന്നു യുണൈറ്റഡ് ഫൈനലിൽ പ്രവേശിച്ചത്. റോമയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 3-2ന് യുണൈറ്റഡ് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 6-2ന്റെ ഹോം ജയം സോൾഷെയറിനും സംഘത്തിനും ഫൈനൽ വഴി തുറന്നു നൽകി. എഡിസണ് കവാനിയായിരുന്നു (39’, 68’) മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളും നേടിയത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് യുണൈറ്റഡായിരുന്നു. അലക്സ് ടെല്ലെസിന്റെ (83’) സെൽഫ് ഗോളായിരുന്നു യുണൈറ്റഡിനെ തോൽവിയിലേക്കു തള്ളിവിട്ടത്. പൗലൊ ഫോൻസെസ്കയ്ക്ക് പകരമായി അടുത്ത സീസണ് മുതൽ ഹൊസെ മൗറീഞ്ഞോയാണു റോമയുടെ പരിശീലക ചുമതല നിർവഹിക്കുക.
എംറിയുടെ പ്രതികാരം...
ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ ആതിഥേയരും വിയ്യാറയലും ഗോൾരഹിത സമനില പാലിച്ചു. ആദ്യ പാദത്തിൽ നേടിയ 2-1ന്റെ ജയത്തിന്റെ ബലത്തിൽ വിയ്യാറയൽ ഫൈനലിലേക്കു മുന്നേറി. ഇതോടെ അടുത്ത സീസണിൽ യൂറോപ്യൻ പോരാട്ടരംഗത്ത് ആഴ്സണൽ നിലനിൽക്കാനുള്ള സാധ്യത മങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ഒന്പതാം സ്ഥാനത്താണ്.
ആഴ്സണൽ മുൻ പരിശീലകനായ ഉനയ് എംറിയാണു വിയ്യാറയലിനെ പരിശീലിപ്പിക്കുന്നത്. 2019 ഡിസംബറിൽ ആഴ്സണലിൻനിന്ന് പുറത്താക്കപ്പെട്ട എംറി കഴിഞ്ഞ വർഷം ജൂലൈയിലാണു വിയ്യാറയൽ പരിശീലക സ്ഥാനത്ത് എത്തിയത്. എംറിയുടെ അഞ്ചാം യൂറോപ്പ ലീഗ് ഫൈനലാണ് 27നു നടക്കുക. 2014, 15, 16 വർഷങ്ങളിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യ പരിശീലകനായിരിക്കേ എംറി കിരീടം നേടിയിട്ടുണ്ട്.
കന്നി ഫൈനൽ!
12:25 AM May 08, 2021 | Deepika.com