ന്യൂഡൽഹി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടത്തുന്നതു സുരക്ഷിതമല്ലെന്നും വേദി മാറ്റണമെന്നും ഓസ്ട്രേലിയൻ പേസ് ബൗളറും ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരവുമായ പാറ്റ് കമ്മിൻസ്.
ലോകകപ്പ് നടത്തുന്നതു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ ഇല്ലാതാക്കുമെങ്കിൽ, അല്ലെങ്കിൽ ഒട്ടും സുരക്ഷിതമല്ലെങ്കിൽ ഇന്ത്യയിൽ കളിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ആ ചോദ്യത്തിനാണ് ആദ്യം ഉത്തരം കിട്ടേണ്ടത്. ഇതു പറയുന്നത് വളരെ നേരത്തെയാണ്. ക്രിക്കറ്റ് അധികൃതർ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിച്ച് ഇന്ത്യയിലെ ജനങ്ങൾക്കു നല്ലത് എന്താണോ അത് ചെയ്യുകയാണ് വേണ്ടത്- കമ്മിൻസ് പറഞ്ഞു.
ഐപിഎൽ 2021 സീസണ് നിർത്തിവച്ചത് ശരിയായ തീരുമാനമായിരുന്നു. നാല് മണിക്കൂറുകളോളം ആളുകൾ ഐപിഎൽ കാണുന്നതിനായി എല്ലാ ദിവസവും രാത്രി വീടുകളിൽ ഇരുന്നുവെന്നും കമ്മിൻസ് പറഞ്ഞു. ഇന്ത്യൻ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതിനായി 36.65 ലക്ഷം രൂപ കമ്മിൻസ് നൽകിയിരുന്നു.
ട്വന്റി-20 ലോകകപ്പ് ഇന്ത്യയിൽനിന്നു മാറ്റണം: പാറ്റ് കമ്മിൻസ്
12:25 AM May 08, 2021 | Deepika.com