മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. സെമിയിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഇരുപാദങ്ങളിലുമായി 4-1നു കീഴടക്കിയാണു പെപ് ഗ്വാർഡിയോളയുടെ സിറ്റിയുടെ ഫൈനൽ പ്രവേശനം. ചരിത്രത്തിൽ ആദ്യമായാണ് സിറ്റി ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ രണ്ടാംപാദത്തിൽ റിയാദ് മഹ്റേസിന്റെ ഇരട്ട ഗോൾ ബലത്തിൽ 2-0ന് പിഎസ്ജിയെ തറപറ്റിച്ചു. 11, 63 മിനിറ്റുകളിലായിരുന്നു ഗോൾ. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽവച്ച് 2-1നു പരാജയപ്പെട്ട നെയ്മറിനും സംഘത്തിനും മാഞ്ചസ്റ്ററിൽ കാര്യമായൊന്നും ചെയ്യാനായില്ല. പരിക്കേറ്റ സൂപ്പർ താരം കൈലിയൻ എംബാപ്പെ ഇല്ലാതെയാണു പിഎസ്ജി ഇറങ്ങിയത്. 69-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും പിഎസ്ജിക്കു തിരിച്ചടിയായി.
ചെൽസി x റയൽ മാഡ്രിഡ് രണ്ടാം സെമി ജേതാക്കളാണ് ഫൈനലിൽ സിറ്റിയുടെ എതിരാളികൾ. ഈ മാസം 29നാണ് ഫൈനൽ. 2010-11 സീസണിനുശേഷം (ബാഴ്സലോണയിലായിരുന്നപ്പോൾ) പെപ് ഗ്വാർഡിയോള ഫൈനലിൽ പ്രവേശിക്കുന്നതും ഇതാദ്യം. തുടർച്ചയായി നാല് തവണ സെമിയിൽ പെപ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെട്ടിരുന്നു.
സിറ്റി ഫൈനൽ
12:46 AM May 06, 2021 | Deepika.com