ബാഴ്സലോണ: സ്വന്തം ഗ്രൗണ്ടില്‍ ഗ്രനേഡയോടു ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ബാഴ്സലോണയ്ക്കു കഴിഞ്ഞ ജൂണിനുശേഷം ആദ്യമായി ലാ ലിഗ പോയിന്റ്പട്ടികയില് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ന്യൂ കാമ്പില്‍ നടന്ന മത്സരത്തില്‍ മുന്നിട്ടുനിന്നശേഷം ബാഴ്സലോണ 2-1ന് ഗ്രനേഡയോടു തോറ്റു.
23-ാം മിനിറ്റില്‍ ലയണല്‍ മെസി ബാഴസലോണയെ മുന്നിലെത്തിച്ചു. ആന്ത്വാന് ഗ്രീസ്മാന്റെ മികച്ചൊരു പാസില്നിന്നാണു ഗോളിനുള്ള വഴിയൊരുങ്ങിയത്. ഇടവേളയ്ക്കു പിരിയുംമുമ്പ് രണ്ടാം ഗോള്‍ നേടായന് മെസിക്ക് ഒരു സുവര്‍ണാവസരം ലഭിച്ചതാണ്. മെസിയുടെ ഷോട്ടിലേക്കു കൃത്യമായി കൈവച്ച് ഗ്രനേഡ ഗോളി ആരോണ്‍ എസ്കാന്ഡല് രക്ഷപ്പെടുത്തി.
63-ാം മിനിറ്റില്‍ ഗ്രനേഡ സമനില നേടി. ഡാര്വിന് മാച്ചിസാണു വല കുലുക്കിയത്. ഈ ഗോളിനു ശേഷം ബാഴ്സയുടെ പരിശീലകന് റൊണാള്‍ഡ് കൂമാനു നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടി. ഇതോടെ കൂമാനു കളത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നു. 79-ാം മിനിറ്റില്‍ ഹൊര്‍ഹെ മോലിനയുടെ ഹെഡര്‍ ബാഴ്സലോണയുടെ വല തകര്‍ത്തു.
തോല്‍വിയോടെ ബാഴ്സലോണ 33 കളിയില്‍ 71 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. 71 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും.
ഒന്നാം സ്ഥാനം നഷ്ടമാക്കി ബാഴ്സ
12:26 AM May 01, 2021 | Deepika.com