മുംബൈ: ക്രിക്കറ്റ് കളിക്കാർ സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലും വിമർശനങ്ങളിലും തളരുകയോ മറുപടി നൽകുകയോ ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം. അത്തരമൊരു അപൂർവത ഐപിഎൽ ട്വന്റി-20യിൽ ചെന്നൈ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിനുശേഷം അരങ്ങേറി. സിഎസ്കെ പേസർ ദീപക് ചാഹർ ആണ് ട്വിറ്ററിലൂടെ ആരാധകനു ചുട്ടമറുപടി നൽകിയത്.
ഡൽഹിക്കെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിൽ ദീപക് ചാഹർ നാല് ഓവറിൽ 36 റണ്‍സ് വഴങ്ങിയിരുന്നു വിക്കറ്റ് നേടിയുമില്ല. ചെന്നൈയുടെ അടുത്ത മത്സരത്തിൽനിന്ന് ചാഹറിനെ ഒഴിവാക്കണമെന്ന് ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. സിഎസ്കെയുടെ രണ്ടാം മത്സരത്തിൽ, പഞ്ചാബ് കിംഗ്സിനെതിരേ നാല് ഓവറിൽ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ദീപക് ചാഹർ ടീമിനെ ജയത്തിലെത്തിച്ചു, ഒപ്പം മാൻ ഓഫ് ദ മാച്ചും ആയി. ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 18 ഡോട്ട്ബോൾ ആണ് ചാഹർ എറിഞ്ഞത്.
ചാഹറിന്റെ ഇരു ഭാഗത്തേക്കുമുള്ള സ്വിംഗ് ബൗളിംഗിനെ ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചു. മത്സരശേഷം ചാഹറും വെറുതേയിരുന്നില്ല. പ്രതീക്ഷകൾ വലുതാണ്, എല്ലാ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ പ്രകടനം എന്നെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ അയാൾക്ക് സമർപ്പിക്കുന്നു. ഒരുപക്ഷേ, ഞാൻ കളിച്ചില്ലായിരുന്നെങ്കിൽ ഈ പ്രകടനം സംഭവിക്കില്ലായിരുന്നു- ചാഹർ പറഞ്ഞു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ: പഞ്ചാബ് 20 ഓവറിൽ 106/8. ചെന്നൈ 15.4 ഓവറിൽ 107/4.
ചാഹറിന്റെ ചുട്ടമറുപടി
01:01 AM Apr 18, 2021 | Deepika.com