ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഹാരി കെയ്നിന്റെ ഇരട്ട ഗോളിൽ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം 2-2ന് എവർട്ടണുമായി സമനിലയിൽ പിരിഞ്ഞു. എവർട്ടണിന്റെ തട്ടകമായ ഗുഡിസണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ 27, 68 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകൾ. ജിൽഫി സിഗുർഡ്സണ് എവർട്ടണിനായും (31 പെനൽറ്റി, 62’) ഇരട്ട ഗോൾ നേടി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കെയ്നു പരിക്കേറ്റത് ടോട്ടനത്തിനു തിരിച്ചടിയായിട്ടുണ്ട്. കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് സൂചന. 25ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരേ നടക്കുന്ന ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ കെയ്ൻ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ഇപിഎലിൽ 21 ഗോളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഒന്നാമതാണ് ഇംഗ്ലീഷ് താരം. 13 അസിസ്റ്റും കെയ്ൻ ഇതുവരെ നടത്തി.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഹോം പോരാട്ടത്തിൽ 3-2ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. 32 മത്സരങ്ങളിൽനിന്ന് 55 പോയിന്റുമായി നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് കനത്ത പ്രഹരമാണ് 15-ാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡിൽനിന്നേറ്റ ഈ തോൽവി.
32 മത്സരങ്ങളിൽനിന്ന് 50 പോയിന്റുമായി ടോട്ടനം പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ്. 49 പോയിന്റുമായി എവർട്ടണ് എട്ടാമതുണ്ട്. 74 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.
ഹാരി കെയ്ൻ ഡബിളിൽ ടോട്ടനം രക്ഷപ്പെട്ടു
01:01 AM Apr 18, 2021 | Deepika.com