ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം സ്വന്തമാക്കി. ടോട്ടനത്തിനെതിരായ എവേ പോരാട്ടത്തിലാണു യുണൈറ്റഡിന്റെ തകർപ്പൻ തിരിച്ചുവരവ് ജയം. സണ്‍ ഹ്യൂങ് മിന്നിലൂടെ 40-ാം മിനിറ്റിൽ ടോട്ടനം മുന്നിൽ കടന്നു. ഫ്രെഡ് (57’), എഡിസണ് കവാനി (79’), മാസണ് ഗ്രീൻവുഡ് (90+6’) എന്നിവരിലൂടെ യുണൈറ്റഡ് ജയത്തിലെത്തി.
സീസണിൽ ടോട്ടനത്തിന്റെ 10-ാം തോൽവിയാണ്. ടോട്ടനം മാനേജൻ ഹൊസെ മൗറീഞ്ഞോയുടെ പരിശീലക കരിയറിൽ ഒരു സീസണിൽ 10 തോൽവി വഴങ്ങുന്നത് ഇതാദ്യമാണ്. സീസണിൽ ആറാം മത്സരത്തിലാണു ലീഡ് ചെയ്തശേഷം ടോട്ടനം പരാജയപ്പെടുന്നത്.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ 3-0ന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. അലക്സാന്ദ്രെ ലാകസെറ്റ് നേടിയ ഇരട്ട ഗോളാണ് ഗണ്ണേഴ്സിന് ആധികാരിക ജയം സമ്മാനിച്ചത്. ലാകസെറ്റ് പ്രീമിയർ ലീഗിൽ ആഴ്സണലിനായി 50 ഗോൾ തികച്ചു. ഒരു ക്ലബ്ബിനായി 50 ഗോൾ തികയ്ക്കുന്ന മൂന്നാമത് ഫ്രഞ്ച് താരമാണു ലാകസെറ്റ്.
ലീഗിൽ 74 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 63 പോയിന്റുമായി രണ്ടാമതുണ്ട്. ടോട്ടനം (49) ഏഴാമതും ആഴ്സണൽ (45) ഒന്‍പതാമതുമാണ്.
യുണൈറ്റഡ് ജയം
11:50 PM Apr 12, 2021 | Deepika.com