ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയത്തിൽ സെഞ്ചുറി തികച്ചു. 14-ാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 10 റണ്‍സിനു കീഴടക്കിയായിരുന്നു കെകെആർ 100 ജയം എന്ന നാഴികക്കല്ലിലെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാം ടീമാണ് കെകെആർ. ടീം 100-ാം ജയം സ്വന്തമാക്കിയതിൽ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ ആശംസയറിയിച്ചു. സ്കോർ: കെകെആർ 20 ഓവറിൽ 187/6. എസ്ആർഎച്ച് 20 ഓവറിൽ 177/5.
സണ്‍റൈസേഴ്സിനെതിരേ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കെകെആറിനായി ഓപ്പണർ നിതീഷ് റാണയും (56 പന്തിൽ 80) മൂന്നാം നന്പറുകാരനായ രാഹുൽ ത്രിപാഠിയും (29 പന്തിൽ 53) മികച്ച പ്രകടനം കാഴ്ചവച്ചു. ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായ 93 റണ്‍സ് ആണ് കെകെആറിനെ നിവർത്തിനിർത്തിയത്. എസ്ആർഎച്ചിനായി മനീഷ് പാണ്ഡെ (44 പന്തിൽ 61 നോട്ടൗട്ട്), ജോണി ബെയർസ്റ്റോ (40 പന്തിൽ 55) എന്നിവർ അർധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. കോവിഡിനെ തോൽപ്പിച്ചെത്തിയ നിതീഷ് റാണയാണു മാൻ ഓഫ ദ മാച്ച്.
കൃത്യമായ ബൗളിംഗ് ചെയ്ഞ്ചുകളിലൂടെ സണ്‍റൈസേഴ്സിനെ പിടിച്ചുനിർത്തിയ ഓയിൻ മോർഗന്റെ ക്യാപ്റ്റൻസിയാണു കെകെആറിന്റെ ജയത്തിൽ സുപ്രധാനം. ഓപ്പണിംഗ് ബൗളിംഗിനെത്തിയ ഹർഭജൻ സിംഗിനെകൊണ്ട് പിന്നീട് മോർഗൻ പന്ത് എറിയിച്ചില്ലെന്നതും ശ്രദ്ധേയം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം ഓപ്പണിംഗ് ഓവർ എറിഞ്ഞ സ്പിന്നർ എന്ന റിക്കാർഡ് ഹർഭജൻ സ്വന്തമാക്കി- 36 തവണ.
സ്പിന്നിനെ തുണച്ച ചരിത്രമുള്ള ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ പേസർമാരുടെ ആധികാരികതയാണു കെകെആറിനെ ജയത്തിലെത്തിച്ചത്. കാരണം, കോൽക്കത്തൻ പേസർമാർ എറിഞ്ഞ 11 ഓവറിൽ ഹൈദരാബാദിന് 97 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, സണ്‍റൈസേഴ്സ് പേസർമാർ എറിഞ്ഞ 12 ഓവറിൽ 131 റണ്‍സ് കെകെആർ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടി.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയത്തിൽ സെഞ്ചുറി തികച്ചു
11:50 PM Apr 12, 2021 | Deepika.com