മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 2021 സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസിനോട് പരാജയപ്പെട്ടു. എട്ട് പന്ത് ബാക്കിനിൽക്കേയാണ് ഡൽഹി ആധികാരിക ജയം സ്വന്തമാക്കിയത്. മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ചെന്നൈ നായകൻ എം.എസ്. ധോണിക്ക് കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ പിഴശിക്ഷയും ലഭിച്ചു. 12 ലക്ഷം രൂപയാണ് ധോണി പിഴയൊടുക്കേണ്ടത്.
ഓപ്പണർമാരായ പൃഥ്വി ഷാ (38 പന്തിൽ 72), ശിഖർ ധവാൻ (54 പന്തിൽ 85) എന്നിവരുടെ മികവിലാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ശിഖർ ധവാൻ മാൻ ഓഫ് ദ മാച്ച് ആയി. സ്കോർ: ചെന്നൈ 20 ഓവറിൽ 188/7. ഡൽഹി 18.4 ഓവറിൽ 190/3.
ക്യാപ്റ്റനായി ഡൽഹിയുടെ ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരംകൂടിയായിരുന്നു. ഐപിഎലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റൻ എന്ന നേട്ടവും ഇരുപത്തിമൂന്നുകാരനായ പന്ത് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ശ്രേയസ് അയ്യർ എന്നിവരാണ് ഇക്കാര്യത്തിൽ പന്തിനു മുന്നിലുള്ളത്. സ്ഥിരം നായകൻ ശ്രേയസ് അയ്യരിനു പരിക്കേറ്റതോടെയാണ് ഋഷഭ് പന്ത് നായകസ്ഥാനത്ത് എത്തിയത്.
മാനഹാനി, ധനനഷ്ടം!
01:09 AM Apr 12, 2021 | Deepika.com