ഐപിഎൽ 14-ാം സീസണിൽ ഏഴു കോടി രൂപയ്ക്കു ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീൻ അലിയുടെ ആവശ്യം അംഗീകരിച്ച് ടീം ജഴ്സിയിൽനിന്നു പരസ്യം നീക്കം ചെയ്തു. ജഴ്സിയിലുണ്ടായിരുന്ന മദ്യക്കന്പനിയുടെ പരസ്യമാണ് അലിയുടെ ആവശ്യപ്രകാരം ക്ലബ് അധികൃതർ വേണ്ടെന്നുവച്ചത്.
ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകൾ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നിലപാട് മൊയീൻ അലി മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ട്വന്റി-20 ലീഗുകളിലും ഈ നിലപാട് അദ്ദേഹം തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ തുടങ്ങിയ താരങ്ങളും സമാന നിലപാടുകാരാണ്.
2018 മുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ അംഗമായിരുന്നു മൊയീൻ അലി. ഈ സീസണിലാണ് ചെന്നൈയിലെത്തിയത്. ഐപിഎലിൽ ഇതുവരെ 19 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റും 309 റണ്‍സും നേടിയിട്ടുണ്ട്. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരേയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം.
അലി പറഞ്ഞു, സിഎസ്കെ പരസ്യം മാറ്റി!
12:02 AM Apr 05, 2021 | Deepika.com