ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തെ 80 റണ്‍സിനു കീഴടക്കി കർണാടക സെമിയിൽ. സ്കോർ: കർണാടക 50 ഓവറിൽ 338/3. കേരളം 43.4 ഓവറിൽ 258. ടൂർണമെന്റിൽ തുടർച്ചയായ നാലാം സെഞ്ചുറിയുമായി തിളങ്ങിയ മലയാളിയായ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ രവികുമാർ സമർഥും ചേർന്നാണ് കർണാടകയ്ക്കു ജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കർണാടകയ്ക്കുവേണ്ടി പടിക്കൽ 119 പന്തിൽ രണ്ട് സിക്സും 10 ഫോറും അടക്കം 101 റണ്‍സ് നേടി. സമർഥ് 158 പന്തിൽ മൂന്ന് സിക്സും 22 ഫോറും അടക്കം 192 റണ്‍സ് സ്വന്തമാക്കി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 42.4 ഓവറിൽ 249 റണ്‍സ് നേടിയശേഷമാണു പിരിഞ്ഞത്. മനീഷ് പാണ്ഡെ 20 പന്തിൽ 34 റണ്‍സുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 11.5 ഓവറിൽ 52 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടു. 96 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 92 റണ്‍സ് നേടിയ വത്സൽ ഗോവിന്ദ് ആണു കേരളത്തിന്റെ ടോപ് സ്കോറർ. മുഹമ്മദ് അസ്ഹറുദ്ദീൻ 34 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 52 റണ്‍സ് നേടി.
ഇന്നലെ നടന്ന ആദ്യ ക്വാർട്ടറിൽ ഗുജറാത്ത് 116 റണ്‍സിന് ആന്ധ്രപ്രദേശിനെ കീഴടക്കി. സ്കോർ: ഗുജറാത്ത് 50 ഓവറിൽ 299/7. ആന്ധ്ര 41.2 ഓവറിൽ 183. ഗുജറാത്തിനായി പ്രിയങ്ക് പാഞ്ചൽ (134 റണ്‍സ്) സെഞ്ചുറി നേടി.
പടിക്കൽ കേരളത്തിന്റെ കലമുടച്ചു
11:35 PM Mar 08, 2021 | Deepika.com