സൂറിച്ച്: പുരുഷ സിംഗിൾസ് ടെന്നീസിൽ ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം റാങ്ക് അലങ്കരിക്കുന്ന താരമെന്ന റിക്കാർഡ് ഇനി സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനു സ്വന്തം. സ്വിസ് താരം റോജർ ഫെഡററിന്റെ (310 ആഴ്ചകൾ) റിക്കാർഡാണു ജോക്കോവിച്ച് പഴങ്കഥയാക്കിയത്. 311-ാം ആഴ്ചയാണ് ജോക്കോവിച്ച് ലോക ഒന്നാം നന്പറിൽ തുടരുന്നത്. ഒന്നാം നന്പറിൽ എതിരില്ലാതെ തുടരുന്ന ജോക്കോവിച്ച് റിക്കാർഡ് വരും ആഴ്ചകളിൽ പുതുക്കുമെന്നതും വാസ്തവം. കഴിഞ്ഞയാഴ്ച ജോക്കോ, ഫെഡററിന്റെ റിക്കാർഡിനൊപ്പം എത്തി.
ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് സമീപനാളിലൊന്നും ഒന്നാം റാങ്കിൽനിന്ന് ഇറങ്ങില്ലെന്ന് ഏകദേശം ഉറപ്പാണ്. രണ്ടാം റാങ്കിലുള്ള സ്പാനിഷ് താരം റാഫേൽ നദാലിനേക്കാൾ 2180 റേറ്റിംഗ് പോയിന്റ് മുന്നിലാണ് ജോക്കോ. ഓസ്ട്രേലിയൻ ഓപ്പണോടെ 18 ഗ്രാൻസ്ലാം എന്ന നേട്ടത്തിലും ജോക്കർ എത്തിയിരുന്നു. ഫെഡററും നദാലും 20 ഗ്രാൻസ്ലാം വീതവുമായി ഒന്നാം സ്ഥാനത്താണ്.
2018 ജൂണിലാണ് ഫെഡറർ ലോക ഒന്നാം നന്പറിൽ 310-ാം ആഴ്ച പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി മൂന്നിന് ജോക്കോവിച്ച് ഒന്നാം റാങ്കിൽ തിരിച്ചെത്തി. ജോക്കോയുടെ ഒന്നാം നന്പറിലെ അഞ്ചാം സ്പെല്ലാണ്.
ചരിത്രത്തിൽ ഏറ്റവും അധികം ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്നതിന്റെ റിക്കാർഡിൽ വനിതാ താരങ്ങളായ സ്റ്റെഫി ഗ്രാഫ് (377 ആഴ്ച), മാർട്ടിന നവരത്ലോവ (332), സെറീന വില്യംസ് (319) എന്നിവർക്കു പിന്നിലാണു ജോക്കോവിച്ച്.
മാസ്റ്റർ ജോക്കോ!
11:35 PM Mar 08, 2021 | Deepika.com