ആദ്യം റൂട്ട്
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. എന്നാൽ, ഇന്ത്യൻ ഇന്നിംഗ്സ് ഇന്നലത്തെ ആദ്യ സെഷനിൽതന്നെ അവസാനിച്ചു. 53.2 ഓവറിൽ ഇന്ത്യ 145നു പുറത്തായപ്പോൾ വിക്കറ്റ് പങ്കിട്ടത് സ്പിന്നർമാരായ ജോ റൂട്ടും ജാക്ക് ലീച്ചും. 6.2 ഓവറിൽ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റൂട്ട് ആയിരുന്നു ഇന്ത്യയുടെ വഴി മുടക്കിയത്. 96 പന്തിൽ 66 റണ്‍സ് നേടിയ രോഹിത് ശർമ ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 97 റണ്‍സ് എന്ന നിലയിൽനിന്നാണ് ഇന്ത്യ 145ലേക്ക് തകർന്നടിഞ്ഞത്. ടെസ്റ്റ് കരിയറിൽ ഇഷാന്ത് ശർമയുടെ ആദ്യ സിക്സറിനും മൊട്ടേര ഇന്നലെ സാക്ഷ്യംവഹിച്ചു.
പട്ടേൽ 5, അശ്വിൻ 4
ഇന്ത്യൻ തകർച്ചയ്ക്കു പിന്നാലെ മൊട്ടേരയിൽ അരങ്ങേറിയത് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ നിർദാക്ഷിണ്യം പിച്ചിച്ചീന്തുന്നതായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് ഛിന്നഭിന്നമാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പന്ത് ഏൽപ്പിച്ചത് സ്പിന്നർമാരായ അക്സർ പട്ടേലിനെയും ആർ. അശ്വിനെയും. ഇന്നിംഗ്സിലെ ആദ്യ പന്തിൽത്തന്നെ സാക് ക്രൗളിയുടെ (0) വിക്കറ്റ് അക്സർ പട്ടേൽ തെറിപ്പിച്ചു. മൂന്നാം പന്തിൽ ജോണി ബെയർസ്റ്റോയുടെ കുറ്റിയും ഇളക്കി. അതോടെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പൂജ്യം. ജോ റൂട്ടും (19) ബെൻ സ്റ്റോക്സും (25) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അക്സർ പട്ടേലും അശ്വിനും അതനുവദിച്ചില്ല. അതോടെ ഇംഗ്ലണ്ട് 81നു പുറത്ത്. 49 റണ്‍സ് എന്ന ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ജയം സ്വന്തമാക്കി.
അക്സർ പട്ടേൽ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അശ്വിൻ 48 റണ്‍സിനു നാല് വിക്കറ്റ് സ്വന്തമാക്കി. ഇതിനിടെ ടെസ്റ്റിൽ വേഗത്തിൽ 400 വിക്കറ്റ് നേടുന്നതിൽ രണ്ടാം സ്ഥാനം, കരിയറിൽ 600 വിക്കറ്റ് എന്നീ നാഴികക്കല്ലിലും അശ്വിൻ എത്തി.
30 ഓവർ സഖ്യം
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന്റെ ദൈർഘ്യം 30.4 ഓവർ മാത്രം. അതിൽ 30 ഓവറും എറിഞ്ഞത് അക്സർ പട്ടേലും ആർ. അശ്വിനും മാറിമാറി. ഇവരുടെ സ്പിൻ സഖ്യത്തെ മാറ്റിപരീക്ഷിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തയാറായത് ഇംഗ്ലണ്ടിന്റെ ഒന്‍പത് വിക്കറ്റ് വീണശേഷമായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയത് വാഷിംഗ്ടണ്‍ സുന്ദറും. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 31-ാം ഓവറിന്റെ നാലാം പന്തിലായിരുന്നു അത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 112. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് എൽബിഡബ്ല്യു ബി ലീച്ച് 66, ഗിൽ സി ക്രൗളി ബി ആർച്ചർ 11, പൂജാര എൽബിഡബ്ല്യു ബി ലീച്ച് 0, കോഹ്ലി ബി ലീച്ച് 27, രഹാനെ എൽബിഡബ്ല്യു ബി ലീച്ച് 7, പന്ത് സി ഫോക്സ് ബി റൂട്ട് 1, അശ്വിൻ സി ക്രൗളി ബി റൂട്ട് 17, വാഷിംഗ്ടണ്‍ ബി റൂട്ട് 0, അക്സർ സി സിബ്ലി ബി റൂട്ട് 0, ഇഷാന്ത് നോട്ടൗട്ട് 10, ബുംറ എൽബിഡബ്ല്യു ബി റൂട്ട് 1, എക്സ്ട്രാസ് 5, ആകെ 53.2 ഓവറിൽ 145.
വിക്കറ്റ് വീഴ്ച: 1-33, 2-34, 3-98, 4-114, 5-115, 6-117, 7-125, 8-125, 9-134, 10-145.
ബൗളിംഗ്: ആൻഡേഴ്സണ് 13-8-20-0, ബ്രോഡ് 6-1-16-0, ആർച്ചർ 5-2-24-1, ലീച്ച് 20-2-54-4, സ്റ്റോക്സ് 3-0-19-0, റൂട്ട് 6.2-3-8-5.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ്: ക്രൗളി ബി അക്സർ 0, സിബ്ലി സി പന്ത് ബി അക്സർ 7, ബെയർസ്റ്റൊ ബി അക്സർ 0, റൂട്ട് എൽബിഡബ്ല്യു ബി അക്സർ 19, സ്റ്റോക്സ് എൽബിഡബ്ല്യു ബി അശ്വിൻ 25, പോപ്പ് ബി അശ്വിൻ 12, ഫോക്സ് എൽബിഡബ്ല്യു ബി അക്സർ 8, ആർച്ചർ എൽബിഡബ്ല്യു ബി അശ്വിൻ 0, ലീച്ച് സി രഹാനെ ബി അശ്വിൻ 9, ബ്രോഡ് നോട്ടൗട്ട് 1, ആൻഡേഴ്സണ് സി പന്ത് ബി വാഷിംഗ്ടണ്‍ 0, എക്സ്ട്രാസ് 0, ആകെ 30.4 ഓവറിൽ 81.
വിക്കറ്റ് വീഴ്ച: 1-0, 2-0, 3-19, 4-50, 5-56, 6-66, 7-68, 8-80, 9-80, 10-81.
ബൗളിംഗ്: അക്സർ 15-0-32-5, അശ്വിൻ 15-3-48-4, വാഷിംഗ്ടണ്‍ 0.4-0-1-1.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രോഹിത് നോട്ടൗട്ട് 25, ഗിൽ നോട്ടൗട്ട് 15, എക്സ്ട്രാസ് 9, ആകെ 7.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 49.
ബൗളിംഗ്: ലീച്ച് 4-1-15-0, റൂട്ട് 3.4-0-25-0.