റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ രണ്ടു സുരക്ഷാസൈനികർ വീരമൃത്യു വരിച്ചു. രണ്ടിടത്തായിരുന്നു ആക്രമണം. ഇന്നലെ വൈകുന്നേരം സോൻപുർ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ മാവോയിസ്റ്റുകൾ നടത്തിയ പൈപ്പ് ബോംബ് സ്ഫോടനത്തിൽ ഐടിബിപി കോൺസ്റ്റബിൾ എൽ. ബാലചന്ദ്ര, കുകുർ ഗ്രാമത്തിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഡിആർജി കോൺസ്റ്റബിൾ കാങ്കെർ ഉസെൻഡി എന്നിവരാണു വീരമൃത്യു വരിച്ചത്. കുക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഛത്തീസ്ഗഡ് ആംഡ് ഫോഴ്സ്(സിഎഎഫ്) കോൺസ്റ്റബിൾ ബങ്കേശ്വർ പൈക്രയ്ക്കു പരിക്കേറ്റു. ഇദ്ദേഹത്തെ റായ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.