ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളെ നിലംപരിശാക്കി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റം തുടരുന്നു. എവേ പോരാട്ടത്തിൽ ആഴ്സണലിനെ അവരുടെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽവച്ച് 1-0ന് സിറ്റി കീഴടക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 18-ാം ജയമാണിത്, പ്രീമിയർ ലീഗിൽ തുടർച്ചയായ 13-ാമത്തേതും. രണ്ടാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ് ആയിരുന്നു സിറ്റിക്ക് ജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കിയത്.
2021 ആംഭിച്ചശേഷം പ്രീമിയർ ലീഗിൽ എതിരാളികൾക്കു മുന്നിൽ സിറ്റി തലകുനിച്ചിട്ടില്ല. 11 കളിയിലും ജയം സ്വന്തമാക്കി, ഈ വർഷം ഇതുവരെ 33 പോയിന്റാണ് പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ നേടിയത്. വെസ്റ്റ് ഹാം (22 പോയിന്റ്), ലെസ്റ്റർ സിറ്റി (20), മാഞ്ചസ്റ്റർ യുണൈറ്റഡ് (19), ചെൽസി (17) എന്നിവയാണ് 2021ൽ ഇപിഎലിൽ പോയിന്റ് നേട്ടത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.
യുണൈറ്റഡ്, ലെസ്റ്റർ
ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. മാർകസ് റാഷ്ഫോഡ് (30’), ഡാനിൽ ജയിംസ് (57’), ബ്രൂണോ ഫെർണാണ്ടസ് (75 പെനൽറ്റി) എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോൾ നേട്ടക്കാർ. മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി 2-1ന് ആസ്റ്റണ് വില്ലയെ കീഴടക്കി. അതേസമയം, ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം എവേ പോരാട്ടത്തിൽ 2-1ന് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു.
ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ 59 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 49 പോയിന്റേയുള്ളൂ. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിനും 49 പോയിന്റുണ്ട്. വെസ്റ്റ് ഹാം (45), ചെൽസി (43), ലിവർപൂൾ (40) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
നോൺസ്റ്റോപ്പ് സിറ്റി...!
12:00 AM Feb 23, 2021 | Deepika.com