ക്രൈസ്റ്റ്ചർച്ച: ഐപിഎൽ 2021 ലേലത്തിൽ ഒരു ടീമും സ്വന്തമാക്കാതിരുന്ന ഡെവണ്‍ കോണ്‍വെയുടെ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ന്യൂസിലൻഡിനു ജയം. ഐപിഎൽ ലേലത്തിൽ തഴയപ്പെട്ട് നാലാംദിനം അരങ്ങേറിയ പോരാട്ടത്തിൽ 59 പന്തിൽ 99 റണ്‍സുമായി പുറത്താകാതെനിന്ന കോണ്‍വെ കിവീസിന് 53 റണ്‍സ് ജയം സമ്മാനിച്ചു. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184. ഓസ്ട്രേലിയ 17.3 ഓവറിൽ 131നു പുറത്ത്.
നാലാം നന്പറായി ക്രീസിലെത്തിയ കോണ്‍വെയുടെ ബാറ്റിൽനിന്ന് മൂന്ന് സിക്സും 10 ഫോറും പറന്നു. ഗ്ലെൻ ഫിലിപ്സ് (30 റണ്‍സ്) ആണ് കിവീസ് ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോറർ. മിച്ചൽ മാർഷ് (33 പന്തിൽ 45) മാത്രമാണ് ഓസീസ് ഇന്നിംഗ്സിൽ തിളങ്ങിയത്.
ഐപിഎലിൽ 14.25 കോടിക്ക് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയ ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 1) നിരാശപ്പെടുത്തി. 15 കോടിക്ക് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയ കിവീസ് പേസർ കെയ്ൽ ജാമീസണ് മൂന്ന് ഓവറിൽ 32 റണ്‍സിന് ഒരു വിക്കറ്റ് നേടി. ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
കോണ്‍വെ കരുത്തിൽ കിവീസ് ജയം
12:00 AM Feb 23, 2021 | Deepika.com