മ്യൂണിക്: ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി കരിയറിൽ 500 ഗോൾ എന്ന നാഴികക്കല്ലിൽ. ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഷാൽക്കെയ്ക്കെതിരേ ഗോൾ നേടിയതോടെയാണു ലെവൻഡോവ്സ്കി 500 ഗോൾ തികച്ചത്. മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 4-0നു ജയിച്ചു. തോമസ് മ്യൂളർ (33, 88 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ലെവൻഡോവ്സ്കി (54-ാം മിനിറ്റ്), ഡേവിഡ് അലാബ (90-ാം മിനിറ്റ്) എന്നിവരും ലക്ഷ്യംകണ്ടു.
ലിഗയിൽ ലെവൻഡോവ്സ്കിയുടെ ഗോൾ നേട്ടം 259 ആയി. ക്ലബ് ഫുട്ബോളിൽ 437ഉം രാജ്യാന്തര ഫുട്ബോളിൽ 63ഉം ഗോളാണ് ലെവൻഡോവ്സ്കിക്കുള്ളത്.
മറ്റൊരു മത്സരത്തിൽ മെയ്ന്റ്സ് 3-2ന് ലൈപ്സിഗിനെ കീഴടക്കി. ലീഗിൽ 18 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് ആണ് ഒന്നാമത്. 35 പോയിന്റുള്ള ലൈപ്സിഗ് രണ്ടാമതുണ്ട്.
അഞ്ഞൂറാൻ
12:33 AM Jan 26, 2021 | Deepika.com